വടക്കേ ഇന്ത്യയ്ക്ക് ഭീഷണിയായി അതിശൈത്യവും പുകമഞ്ഞും; റോഡുകളിൽ അപകടം തുടർക്കഥ, നിരവധി മരണങ്ങൾ

#ന്യൂസ് ഡെസ്ക്
യമുന എക്സ്പ്രസ് വേയിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു | Photo:X
യമുന എക്സ്പ്രസ് വേയിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു | Photo:X

ന്യൂഡൽഹി: ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് എന്നിവയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും കനത്ത മൂടൽമഞ്ഞും അന്തരീക്ഷ മലിനീകരണവും മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഗതാഗത തടസ്സങ്ങളും റോഡപകടങ്ങളും ഇതിന്‍റെ രൂക്ഷതയെറ്റുകയാണ്. സമീപദിവസങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പുകമഞ്ഞ് മൂലമുള്ള കാഴ്ചാപ്രശ്നങ്ങൾ മൂലം നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഹരിയാണ, ഉത്തർപ്രദേശ്, ഡൽഹി മേഖലകളിൽ  കാഴ്ച കുറയ്കുന്ന പുകമഞ്ഞ് കനത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. നിരവധി പേരുടെ മരണത്തിനും ദേശീയപാതകളിൽ വലിയ നാശനഷ്ടങ്ങൾക്കും ഈ അപകടങ്ങൾ വഴിവെച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് വേയിൽ മഥുര ജില്ലയിലുണ്ടായ അപകടത്തിൽ നാലുപേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ നാലുമണിയോടെ കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ചക്കുറവുണ്ടായതാണ് അപകടത്തിന് കാരണമായത്. ഏഴ് ബസുകളും നിരവധി ചെറിയ വാഹനങ്ങളും കൂട്ടിയിടിക്കുകയും വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്യുകയായിരുന്നു. 

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹിയിലും സമീപപ്രദേശങ്ങളിലും വാഹനാപകടങ്ങൾ 20 ശതമാനം വർധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച ഹരിയാണയിലെ നൂഹ് ജില്ലയിൽ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരാണ് മരിച്ചത്. അപകടത്തില്‍ ഇരുപതുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച ഹരിയാണയിലെ രണിയാല പടക്പുർ ഗ്രാമത്തിന് സമീപം രണ്ട് ട്രക്കുകളും ഉൾപ്പെടെ പന്ത്രണ്ടോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിഐഎസ്എഫ് ഇൻസ്പെക്ടർ ഹരീഷ് കുമാർ ഉൾപ്പെടെ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ബനാർസി ഗ്രാമത്തിന് സമീപം എട്ടോളം വാഹനങ്ങൾ കൂട്ടിയിടിച്ചതും അതേ ദിവസംതന്നെയായിരുന്നു.

ശനിയാഴ്ച ഹരിയാനയിലെ റോഹ്തക്, ഝജ്ജർ ജില്ലകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റോഹ്തകിലെ മേഹാം ഏരിയയിൽ 152ഡി ഹൈവേയിൽ നാൽപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. പുകമഞ്ഞുമൂലം റോഡിലെ കാഴ്ച മങ്ങിയതിനേത്തുടർന്ന് ആദ്യം ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് പുറകെയെത്തിയ ബസ് അടക്കമുള്ള വാഹനങ്ങൾ നിരനിരയായി കൂട്ടിയിടിച്ചു. അപകടത്തിൽ നൂറോളം ആളുകൾക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ ഹിസാറിലും റെവാരിയിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഝജ്ജറിലെ കാളിയാവാസ് ഗ്രാമത്തിന് സമീപം സ്കൂൾ ബസ്സും ഹരിയാന റോഡ്‌വേയ്‌സ് ബസ്സും കൂട്ടിയിടിച്ച് 14 വയസ്സുള്ള ഇഷിക എന്ന വിദ്യാർഥിനി മരിച്ചു. ബസിലുണ്ടായിരുന്ന ഇരുപതോളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ അപകടങ്ങളുടെയെല്ലാം പിന്നിലെ പ്രധാന പാരിസ്ഥിതിക കാരണങ്ങളിലൊന്ന് കനത്ത മൂടൽമഞ്ഞാണെന്നാണ് പ്രാഥമിക നിഗമനം.

പ്രധാന വില്ലൻ മൂടൽമഞ്ഞ്

തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ വായു ഗുണനിലവാരസൂചിക ‘അതീവ ഗുരുതരം’ എന്ന വിഭാഗത്തിൽ തുടരുകയാണ്. ശൈത്യം കടുത്തതോടെ മൂടൽമഞ്ഞിനൊപ്പം വിഷലിപ്തമായ പുകമഞ്ഞും നഗരത്തെ മൂടുന്നത് കാഴ്ച കുറയ്ക്കുന്നതിന് കാരണമാകുന്നു.

ഇന്ത്യയിലെ മൊത്തം റോഡപകടങ്ങളുടെ കണക്കനുസരിച്ച്, 2022-ൽ 7.4 ശതമാനം അപകടങ്ങളും 8.7 ശതമാനം മരണങ്ങളും സംഭവിച്ചത് മൂടൽമഞ്ഞുള്ള കാലാവസ്ഥയിലാണ്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ഇൻഡോ-ഗംഗാസമതലം മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണ്. ഇവിടെ ഡിസംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ സാധാരണയായി എട്ട് മുതൽ പത്ത് മണിക്കൂർ വരെ കനത്ത മൂടൽമഞ്ഞ് നിലനിൽക്കാറുണ്ട്.

കാഴ്ചക്കുറവുമൂലം തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി അധികാരികൾ മുൻകരുതലുകളും ദീർഘകാല നടപടികളും നിർദേശിച്ചിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് ഉള്ള സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും  സുരക്ഷിതമായ വേഗത നിലനിർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വ്യോമയാനം, റെയിൽവേ, ദേശീയപാത അധികാരികൾ, ജില്ലാ ഭരണകൂടങ്ങൾ, പൊതുജനങ്ങൾ എന്നിവർക്ക് എസ്എംഎസ്, വാട്ട്‌സ്ആപ്പ് വഴിയും മറ്റ് മാർഗങ്ങളിലൂടെയും കാലാവസ്ഥാവകുപ്പ് പുകമഞ്ഞ് സംബന്ധിച്ച വിവരങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്.

റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) റോഡ് സുരക്ഷ ഉറപ്പാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുറഞ്ഞ വെളിച്ചത്തിലും മൂടൽമഞ്ഞിലും വാഹനങ്ങളുടെ ദൃശ്യപരത വർധിപ്പിക്കുന്നതിനുള്ള എഞ്ചിനീയറിങ് നടപടികളും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്.

ഇന്ത്യയിൽ എല്ലാ വാണിജ്യ വാഹനങ്ങളിലും (മുച്ചക്ര, നാലുചക്ര വാഹനങ്ങൾ, ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങൾ) റിട്രോറിഫ്ലെക്റ്റീവ് ടേപ്പുകൾ നിർബന്ധമാക്കിയിട്ടുണ്ട്. റിട്രോറിഫ്ലെക്റ്റീവ് ടേപ്പുകൾ അടയാളപ്പെടുത്തിയാൽ രാത്രി കാലങ്ങളിലുണ്ടാകുന്ന കൂട്ടിയിടികൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ദേശീയപാതകളിലെ ബ്ലാക്ക് സ്പോട്ടുകൾ (അപകട സാധ്യതയുള്ള സ്ഥലങ്ങൾ) തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനും, റോഡ് സുരക്ഷാ ഓഡിറ്റ് (RSA) നിർബന്ധമാക്കുന്നതിനും മന്ത്രാലയം മുൻഗണന നൽകുന്നുണ്ട്.

Content Highlights: Thick fog and pollution lead to zero visibility, causing deadly multi-vehicle pile-ups on North Indian highways. Learn about the dangers and safety measures.