തിക്കും തിരക്കും മൂലമുണ്ടായ അപകടം: ദൃശ്യങ്ങളടങ്ങിയ ലിങ്കുകള് നീക്കണം, X-ന് റെയില്വെയുടെ നോട്ടീസ്

ന്യൂഡല്ഹി: ന്യൂഡല്ഹി റെയില്വേ സ്റ്റേഷനില് ഫെബ്രുവരി 15-ന് തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാര് മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങള് അടങ്ങിയ ലിങ്കുകള് സമൂഹിക മാധ്യമങ്ങളില് നിന്ന് നീക്കം ചെയ്യാന് എക്സിന് നോട്ടീസയച്ച് റെയില്വേ മന്ത്രാലയം. അപകടത്തിന്റെ ദൃശ്യങ്ങള് അടങ്ങുന്ന 285 ലിങ്കുകള് പിന്വലിക്കാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നതിന്റെ ധാര്മ്മിക പ്രശന്ങ്ങള് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 17-ന് റെയില്വേ എക്സിന് നോട്ടീസ് അയച്ചിരിക്കുന്നത്. 36 മണിക്കൂറിനുള്ളില് നടപടി സ്വീകരിക്കാനാണ് നിര്ദേശം. ഇത്തരത്തിലുള്ള ദൃശ്യങ്ങള് പങ്കുവെക്കുന്നത് ഇന്ത്യന് റെയില്വേയുടെ പ്രവര്ത്തനത്തെത്തന്നെ ബാധിക്കുന്നതാണെന്നും എക്സിന്റെ നയങ്ങള്ക്ക് എതിരാണെന്നും നോട്ടീസില് പറയുന്നതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകള് സ്റ്റേഷനിലെത്തിയ സമയത്തുണ്ടായ അപകടത്തില് സ്ത്രീകളും കുട്ടികളുമടക്കം പതിനെട്ടു പേരാണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള് പ്രമുഖ വാര്ത്താ മാധ്യമങ്ങള് ഉള്പ്പടെ ട്വീറ്റ് ചെയ്തിരുന്നു. ഇത്തരത്തില് പങ്കുവെയ്ക്കപ്പെട്ടഅപകടത്തില്പെട്ടവരുടെ ദൃശ്യങ്ങളടക്കം നീക്കം ചെയ്യണമെന്നും റെയില്വേ മന്ത്രാലയത്തിന്റെനോട്ടീസില് പറയുന്നുണ്ട്.
Content Highlights: Indian Railways orders removal of 285 links showing Delhi railway station accident visuals from X