‘ജയിച്ചാൽ പുകഴ്ത്തും, തോറ്റാൽ കുറ്റപ്പെടുത്തും, ഹൗ കൺവീനിയന്റ്, പൂക്കി!’; പ്രതിപക്ഷത്തെ പരിഹസിച്ച് ഡൽഹിയിൽ പോസ്റ്ററുകൾ

#ന്യൂസ് ഡെസ്ക്
അഖിലേഷ് യാദവിനെതിരായ പോസ്റ്റർ | PHOTO: X/ANI
അഖിലേഷ് യാദവിനെതിരായ പോസ്റ്റർ | PHOTO: X/ANI

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെയും പ്രതിപക്ഷം പ്രതിഷേധമുയർത്തുന്നതിനിടെ, ന്യൂഡൽഹിയിൽ പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളുടെ മുൻ നിലപാടുകളെയും പരസ്പരവിരുദ്ധമായ സമീപനങ്ങളെയും പരിഹസിച്ചാണ് പോസ്റ്ററുകൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും ഇവർ മുൻപ് നടത്തിയിട്ടുള്ള പരാമർശങ്ങളും അടങ്ങിയ പോസ്റ്ററുകളാണ് ഉയർന്നിട്ടുള്ളത്.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുൽ ഗാന്ധി വിദേശത്തായിരുന്നതും പ്രചാരണത്തിൽനിന്ന് വിട്ടുനിന്നതും പോസ്റ്ററുകളിൽ പരാമർശിക്കുന്നു. ജനങ്ങൾ വിധി എഴുതിയപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന് നേരെ ചോദ്യങ്ങൾ ഉയർത്തിയത് എന്തുകൊണ്ടാണെന്നും പോസ്റ്ററിൽ ചോദിക്കുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് 2017-ൽ ‘തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമുണ്ട്’ എന്ന് പറഞ്ഞതും, 2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ‘വോട്ട് മോഷണം’ ആരോപിച്ചതും താരതമ്യം ചെയ്യുന്ന പോസ്റ്ററിൽ "ഹൗ കൺവീനിയന്റ്, പൂക്കി!" എന്നും കുറിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപും ശേഷവുമുള്ള വൈരുദ്ധ്യമുള്ള നേതാക്കളുടെ പ്രസ്താവനകൾ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പോസ്റ്ററും സ്ഥലത്തുണ്ട്. തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനെ പുകഴ്ത്തുകയും തോൽക്കുമ്പോൾ ‘വോട്ട് മോഷണം’ ആരോപിച്ച് കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രതിപക്ഷ ശൈലിയെ പരിഹസിക്കുന്ന പോസ്റ്ററുകളും കൂട്ടത്തിലുണ്ട്.

Content Highlights: Posters targeting INDIA bloc leaders appeared in Delhi ahead of their strategic meeting., The posters mock the opposition's contradictory stances on the Election Commission., Leaders like Rahul Gandhi and Akhilesh Yadav are specifically featured for shifting blame after election losses., The campaign highlights the opposition's pattern of praising the poll panel during wins and alleging vote theft during losses.