ഡൽഹി ജന്തർ മന്തറിലെ മിന്നൽ പ്രതിഷേധം: സി.ജെ.പി. നേതാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: ജന്തർ മന്തറിൽ പോലീസിന്റെ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ സി.ജെ.പി. നേതാക്കൾ അറസ്റ്റിലായി. സി.ജെ.പി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ, അജിങ്ക്യ ഷിന്റെ എന്നിവരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിക്രമിച്ചു കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ബോണ്ട് വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുൻപ് കരുതൽ തടങ്കലിലായ ശേഷം വിട്ടയച്ചപ്പോൾ സമാധാന അന്തരീക്ഷം തകർക്കില്ലെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് നൽകിയ ഉപാധി ലംഘിച്ചതിനാണ് ബോണ്ട് ലംഘനത്തിന് കേസെടുത്തത്. നേതാക്കളെ ഡൽഹി പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.
ജന്തർ മന്തറിൽ സമരം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി. നേതാക്കൾ മുൻപ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ജന്തർ മന്തറിനെ സമരവേദി സ്ഥാനത്തുനിന്ന് ഒഴിവാക്കി പകരം മറ്റ് മൂന്ന് സ്ഥലങ്ങൾ പ്രഖ്യാപിക്കുകയാണ് പോലീസ് ചെയ്തത്. തുടർന്ന് പ്രദേശം പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നെങ്കിലും സുരക്ഷ മറികടന്ന് നേതാക്കൾ അവിടെയെത്തി പ്രതിഷേധിക്കുകയായിരുന്നു.
പാർലമെന്റിനും രാഷ്ട്രപതി ഭവനും സമീപമുള്ള ജന്തർ മന്തറിന് പകരം നിർദ്ദേശിച്ച രാംലീല മൈതാനം തുടങ്ങിയ സ്ഥലങ്ങൾ സെൻട്രൽ ഡൽഹിയിൽ നിന്ന് വളരെ അകലെയാണെന്നും, അവിടെ പ്രതിഷേധം നടത്തിയാൽ ജനശ്രദ്ധ ലഭിക്കില്ലെന്നും ഇന്ത്യാ സഖ്യവും സി.ജെ.പി. ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ചൂണ്ടിക്കാണിക്കുന്നു. ജന്തർ മന്തർ സമരവേദിയായി തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: CJP leaders arrested by delhi police at Jantar Mantar for unauthorized protest, facing charges of trespassing and disrupting official duties.