അജ്ഞാത പദാർഥം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ഓടിച്ചിട്ട് പിടിച്ച് സിഐഎസ്എഫ്

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഡൽഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനിൽ ബാഗേജ് പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച യാത്രികനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടി. ബാഗേജ് സ്‌കാനിംഗിനിടെ സംശയാസ്പദമായ ഒരു വസ്തു കാണപ്പെട്ടതോടെയാണ് പരിശോധന ശക്തമാക്കിയത്. ഇതിനിടയിൽ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ തൽക്ഷണം പ്രതികരിക്കുകയും എക്‌സിറ്റ് ഗേറ്റിന് സമീപത്തു വെച്ച് ഇയാളെ പിന്തുടർന്ന് പിടികൂടുകയും ചെയ്തു.

തുടർന്നുള്ള പരിശോധനയിൽ ഇയാളുടെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത നിലയിൽ പൗഡർ രൂപത്തിലുള്ള വസ്തു ഒളിപ്പിച്ചതായി കണ്ടെത്തി. ഏകദേശം 155 ഗ്രാം തൂക്കം വരുന്ന സ്വർണ്ണത്തിന് സമാനമായ പൊടിയാണ് കണ്ടെടുത്തത്. ബാഗിലുണ്ടായിരുന്ന അടിവസ്ത്രത്തിനുള്ളിലും, അടിവസ്ത്രത്തിൽ പ്രത്യേകമായി തുന്നിച്ചേർത്ത ഭാഗത്തുമായി ഒളിപ്പിച്ച നിലയിലാണ് ഈ വസ്തുക്കൾ കണ്ടെത്തിയത്. ഇതെന്താണെന്ന് വ്യക്തമായിട്ടില്ല. പ്രാഥമിക പരിശോധനയിൽ ഈ പൊടി ലഹരിമരുന്നല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ഇതെന്താണെന്ന് തെളിയിക്കുന്ന രേഖകളോ തൃപ്തികരമായ വിശദീകരണമോ നൽകാൻ കഴിയാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ ഡൽഹി പോലീസ് ആക്ട് പ്രകാരം കേസ് എടുത്തു. പിടിച്ചെടുത്ത വസ്തു പരിശോധിച്ച് ഏതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനായി കാത്തിരിക്കുകയാണ് പോലീസ്. മലേഷ്യയിലെ കോലാലംപൂരിൽ താമസിക്കുന്ന എൻ.ആർ.ഐ ആണെന്ന് അവകാശപ്പെട്ട ഇയാളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ അന്വേഷണത്തിനായി ഡെൽഹി പോലീസിന് കൈമാറിയിട്ടുണ്ട്. ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയായ മുഹമ്മദ് ഷുഹൈബ് ആണ് പിടിയിലായതെന്ന് ഡൽഹി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലേഷ്യയിലെ കോലാലംപൂരിലുള്ള വിലാസവും ഇയാൾ നൽകിയിട്ടുണ്ട്.

Content Highlights: Cisf officers at Delhi metro's Jama Masjid station apprehended a passenger attempting to escape after a suspicious item was detected during baggage scanning.