ഡല്‍ഹി ഉപതിരഞ്ഞെടുപ്പ്: 7 സീറ്റുകളില്‍ BJP, രണ്ടുസീറ്റുകള്‍ നഷ്ടമായി; ആംആദ്മിക്ക് 3, കോൺഗ്രസിനും ഫോർവേഡ് ബ്ലോക്കിനും ഓരോന്ന്

#ന്യൂസ് ഡെസ്‌ക്
ബിജെപി റോഡ്‌ഷോയില്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ
ബിജെപി റോഡ്‌ഷോയില്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 12 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏഴുസീറ്റുകളില്‍ വിജയം. പ്രതിപക്ഷമായ ആംആദ്മി പാര്‍ട്ടി മൂന്നുസീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റ് വീതം നേടി.

അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് രണ്ട് സീറ്റുകള്‍ നഷ്ടമാവുകയാണുണ്ടായത്. ബിജെപിയുടെ പക്കലുണ്ടായിരുന്ന ഒന്‍പത് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടെണ്ണത്തില്‍ പാര്‍ട്ടി പരാജയമറിഞ്ഞു. സംഗം വിഹാര്‍ എ, മുണ്ട്ക വാര്‍ഡുകളാണ് ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായത്. ചാന്ദ്‌നി മഹല്‍ വാര്‍ഡിലാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ വിജയം.

ഗ്രേറ്റര്‍ കൈലാശ്, ഷാലിമാര്‍ ബാഗ്, അശോക് വിഹാര്‍, ചാന്ദ്‌നി ചൗക്ക്, ചാന്ദ്‌നി മഹല്‍, സംഗം വിഹാര്‍, ദക്ഷിണ്‍പുരി തുടങ്ങിയ 12 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഡല്‍ഹി മുഖ്യമന്ത്രിയായ രേഖ ഗുപ്ത ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധീകരിച്ചിരുന്ന വാര്‍ഡുകളാണിത്. കോര്‍പ്പറേഷന്‍ അംഗങ്ങള്‍ നിയമസഭയില്‍ മത്സരിച്ച് ജയിച്ചതോടെയാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

രണ്ടുസീറ്റുകള്‍ കുറഞ്ഞെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപി ഭരണത്തെ ഇത് ബാധിക്കില്ല. ആകെയുള്ള 250 സീറ്റുകളില്‍ 122 സീറ്റുകളാണ് നിലവില്‍ ബിജെപിയ്ക്കുള്ളത്. പ്രതിപക്ഷമായ ആംആദ്മിക്ക് 102 സീറ്റുകളുണ്ട്. കോണ്‍ഗ്രസിന് ഒന്‍പത് സീറ്റുകളാണുള്ളത്.

Content Highlights: BJP emerges victorious in 7 out of 12 Delhi Municipal Corporation by-elections. AAP wins 3 seats. Congress and AIFB secure one seat each. Learn more about the results.