2024-25 സാമ്പത്തികവര്‍ഷത്തില്‍ മദ്യവില്‍പനയിലൂടെ ഡല്‍ഹി സര്‍ക്കാരിന്‍റെ നേട്ടം 5000 കോടി

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തില്‍ മദ്യവില്‍പനയിലൂടെ ഡല്‍ഹി സര്‍ക്കാര്‍ നേടിയത് 5,000 കോടിയിലധികം രൂപ. അതേസമയം പാല്‍, പാലുത്പന്നങ്ങള്‍ തുടങ്ങിയവയില്‍നിന്നും സര്‍ക്കാരിന് ലഭിച്ചത് 210 കോടി രൂപ മാത്രം. നിയമസഭയിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2024-25 സാമ്പത്തികവര്‍ഷത്തില്‍ എക്‌സൈസ് ഡ്യൂട്ടി, മൂല്യവര്‍ധിത നികുതി (VAT) എന്നീ ഇനങ്ങളിലൂടെ മദ്യവില്‍പനയില്‍നിന്ന് 5,068.92 കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് ലഭിച്ചതായി ബി.ജെ.പി. എം.എല്‍.എ. അഭയ് വര്‍മയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ അറിയിച്ചു. 209.9 കോടി രൂപയാണ് പാല്‍, പാലുത്പന്നങ്ങളില്‍നിന്ന് ലഭിച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു. ഫെബ്രുവരി മാസം വരെയുള്ള കണക്കാണിത്.
മദ്യനയ അഴിമതിയില്‍ ആരോപണം നേരിടുന്ന ആംആദ്മി പാര്‍ട്ടി(എ.എ.പി)ക്കെതിരെ ആക്രമണം തുടരുന്നതിനിടെയാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്നത്. മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ മദ്യനയ അഴിമതിയില്‍ ആരോപണ വിധേയരാകുകയും ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തിരുന്നു. ഡല്‍ഹിഭരണം എ.എ.പിയ്ക്ക് നഷ്ടമാകുന്നതിന് ഇത് ഒരു പ്രധാനകാരണമായി വിലയിരുത്തപ്പെടുകയും ചെയ്തു.
2023-24 കാലയളവില്‍ 5,168 കോടി രൂപ, 2022-23 ല്‍ 5,547 കോടി രൂപ, 2021-22 കാലത്ത് 5,487 കോടി രൂപ ഇങ്ങനെയാണ് കഴിഞ്ഞ കാലത്തെ വരുമാനം. എ.എ.പി. സര്‍ക്കാര്‍ നടപ്പാക്കിയ പുതിയമദ്യനയമനുസരിച്ച് 2021 നവംബര്‍ മുതല്‍ 2022 ഓഗസ്റ്റ് വരെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമാത്രമാണ് മദ്യവില്‍പനയ്ക്കുള്ള അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അതിനുശേഷം പഴയ മദ്യനയം തന്നെ സര്‍ക്കാര്‍ തിരികെ കൊണ്ടുവരികയും സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രങ്ങളിലൂടെ വില്‍പന പുനരാരംഭിക്കുകയും ചെയ്തതായി രേഖ ഗുപ്ത സര്‍ക്കാര്‍ വിശദമാക്കി.
2023-24 ല്‍ ഡല്‍ഹിയില്‍ 21.27 കോടി ലിറ്റര്‍ മദ്യം വിറ്റു, അതായത് പ്രതിദിനം 5.82 ലക്ഷം ലിറ്റര്‍. 2022-23 ലെ കണക്ക് 25.84 കോടി ലിറ്ററായിരുന്നു. 2024-25 ലെ 210 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍, 2023-24 ല്‍ പാല്‍ വില്‍പനയില്‍ നിന്ന് സര്‍ക്കാരിന് ഏകദേശം 300 കോടി രൂപയും 2022-23 ല്‍ 365 കോടി രൂപയും ലഭിച്ചു.
Content Highlights: Delhi government`s revenue from liquor sales exceeds ₹5000 crore in 2023-24