സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍; ബിജെപി ബന്ധം തെളിഞ്ഞെന്ന് ആം ആദ്മി പാര്‍ട്ടി

സ്വാതി മലിവാള്‍, വി.കെ സക്‌സേന
സ്വാതി മലിവാള്‍, വി.കെ സക്‌സേന

ന്യൂഡല്‍ഹി:   എ.എ.പി  രാജ്യസഭാ എം.പി സ്വാതി മാലിവാള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ വെച്ച് അതിക്രമത്തിന് ഇരയായെന്ന വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി.കെ സക്‌സേന. കടുത്ത മാനസികാഘാതമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഭവത്തിന് ശേഷം അവര്‍ അനുഭവിക്കുന്നതെന്ന് വി.കെ സക്‌സേന പറഞ്ഞു.

കഴിഞ്ഞ ദിവസം വലിയ സങ്കടത്തോടെ സ്വാതി മലിവാള്‍ തന്നെ വിളിച്ചിരുന്നു. സ്വന്തം സഹപ്രവര്‍ത്തകനില്‍ നിന്നും താന്‍ അനുഭവിച്ച ദുരവസ്ഥയെപറ്റി വിശദമായി വിവരിച്ചു. തെളിവ് നശിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ പറ്റി ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങളില്‍ സ്വാതി മലിവാളുമായി തനിക്ക് തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ട്. വിവാദത്തിലായിട്ടുണ്ട്. പക്ഷെ ശരീരിക ഉപദ്രവം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സക്‌സേന പറഞ്ഞു.

രാജ്യ തലസ്ഥാനത്താണ് ഇത്ര ലജ്ജാകരമായ ഒരു സംഭവം നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന വിലയിരുത്തലാണുണ്ടാവുന്നത്. ഇത് ലോകത്തിന് മുന്നില്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും സക്‌സേന ചൂണ്ടിക്കാട്ടി. ഡല്‍ഹി പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭച്ചിട്ടുണ്ട്. യുക്തമായ പരിഹാരമുണ്ടാവുമെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും സക്‌നേ അറിയിച്ചു.

സക്‌സേനയുടെ പ്രതികരണത്തോടെ സംഭവത്തില്‍ ബിജെപി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് എ.എ.പിയും പ്രതികരിച്ചു. സ്വാതി മലിവാള്‍ ബി.ജെ.പിക്ക് വേണ്ടി ജോലിചെയ്യുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി എ.എ.പിക്കെതിരേ ഓരോ ദിവസവും ഓരോ ഗൂഢാലോചന കൊണ്ടുവരികയാണ്. മദ്യ നയ വിവാദം മുതല്‍ ഇപ്പോള്‍ സ്വാതി മലിവാള്‍ വിഷയം വരെ അതെത്തി നില്‍ക്കുകയാണെന്നും എ.എ.പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച്  ദീര്‍ഘകാലം മുഖ്യമന്ത്രിയുടെ പി.എ ആയി പ്രവര്‍ത്തിച്ച ബൈഭവ് കുമാര്‍ മെയ് 13 ന് തന്നെ ശാരീരികമായി അക്രമിച്ചെന്നായിരുന്നു സ്വാതിമലിവാളിന്റെ ആരോപണം. സംഭവത്തില്‍ ബൈഭവ് കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

Content Highlights: Delhi lieutenant governor vk saxena backs swati maliwal AAP says It proves her bjp Link