'വാക്കാലുള്ള ഉറപ്പുകൾക്ക് പ്രസക്തിയില്ല'; എക്സാലോജിക്-CMRL ഹർജി പരിഗണിക്കവേ ഡൽഹി ഹൈക്കോടതി ജഡ്ജി

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
.
.

ന്യൂഡൽഹി: എക്സലോജിക്-സിഎംആർഎൽ കേസിൽ എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയിൽ വാക്കാൽ നൽകിയ ഉറപ്പിന്റെ പ്രസക്തിയിൽ സംശയം ഉന്നയിച്ച് ഡൽഹി ഹൈക്കോടതി ജഡ്ജി. കോടതികളിൽ വാക്കാൽനൽകുന്ന ഉറപ്പിൽ താൻ വിശ്വസിക്കുന്നില്ലെന്ന് കേസ് പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ജഡ്ജി ഗിരീഷ് കത്പാലിയ വ്യക്തമാക്കി. അന്വേഷണം ചോദ്യംചെയ്ത് സിഎംആർഎൽ നൽകിയ ഹർജിയിൽ ബുധനാഴ്ച്ച അന്തിമ വാദം കേൾക്കുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

അന്വേഷണം ചോദ്യംചെയ്ത് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധി പറയുന്നതുവരെ കേസിലെ അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യില്ലന്ന് എസ്എഫ്ഐഒ ഉറപ്പ് നൽകിയിരുന്നതായാണ് സിഎംആർഎൽ വാദം. ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് കഴിഞ്ഞ സെപ്റ്റംബറിൽ കേസ് പരിഗണിച്ചിരുന്ന സമയത്താണ് ഇത്തരം ഒരുറപ്പ് നൽകിയിരുന്നത് എന്നാണ് സിഎംആർഎൽ വാദം. തൊട്ടടുത്ത ദിവസം ഈ ഉറപ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതാണെന്ന് സിഎംആർഎലിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. 

എന്നാൽ, ഇത്തരം ഒരു ഉറപ്പ് താൻ നൽകിയിട്ടില്ലെന്ന് ഇപ്പോൾ എസ്എഫ്ഐഓക്ക് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കക്ഷികൾ പരസ്പരം നൽകുന്ന ഈ ഉറപ്പിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് കേസിൽ വാദം കേൾക്കുന്ന ജസ്റ്റിസ് ഗിരീഷ് കത്പാലിയ ആരാഞ്ഞു. ആവശ്യമെങ്കിൽ ഈ ഹർജി ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചിന് വിടാമെന്നും അദ്ദേഹം അറിയിച്ചു. എസ്എഫ്ഐഒ നടത്തിയത് ബാർ കൗൺസിൽ ചട്ടങ്ങളുടെ ലംഘനമാണെന്ന് സിഎംആർഎലിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറയും കോടതിയിൽ ചൂണ്ടിക്കാട്ടി. 

കേസിന്റെ റിപ്പോർട്ട് വിചാരണക്കോടതിക്ക് എസ്എഫ്ഐഒ കൈമാറിയെന്നും അതിനാൽ മറ്റ് നടപടികളൊന്നും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകരുതെന്നും സിഎംആർഎലിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, റിപ്പോർട്ട് ഫയൽചെയ്ത സ്ഥിതിക്ക് ഈ ആവശ്യത്തിന് എന്ത് പ്രസക്തിയാണെന്ന് കോടതി ആരാഞ്ഞു. ഇ.ഡി അന്വേഷണം ഉൾപ്പടെയുള്ള സാധ്യത ഇനിയും ഉണ്ടെന്നായിരുന്നു സിഎംആർഎൽ അഭിഭാഷകന്റെ മറുപടി. അന്വേഷണം നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചാൽ ഇപ്പോളെടുക്കുന്ന തുടർ നടപടികളെല്ലാം അപ്രസക്തമാകുമെന്നും അഭിഭാഷകർ വ്യക്തമാക്കി.

തുടർന്നാണ് തുടരന്വേഷണത്തിന് എതിരായ അപേക്ഷയിൽ നോട്ടീസയക്കാൻ ഡൽഹി ഹൈകോടതി ഉത്തരവിട്ടത്.  അന്വേഷണത്തിനെതിരെ നേരത്തെ നൽകിയ ഹർജിയിൽ മറ്റന്നാൾ അന്തിമ വാദം കേൾക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നേരത്തെ ജസ്റ്റിസ് ചന്ദ്രധാരി സിംഗ് വാദംകേട്ട് വിധിപറയാനായി മാറ്റിയിരുന്നു. അദ്ദേഹത്തെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയ സാഹചര്യത്തിലാണ് ഹർജിയിൽ ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഹർജിയിൽ വീണ്ടും വാദംകേൾക്കുന്നത്.

Content Highlights: Delhi HC on CMRL petition sfio veena vijayan case