ഐ.ഒ.എ. വോട്ടർപട്ടികയിൽ പി.ടി. ഉഷയെ ഉൾപ്പെടുത്തിയതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
പി.ടി. ഉഷ | Photo: Mathrubhumi
പി.ടി. ഉഷ | Photo: Mathrubhumi

ന്യൂഡൽഹി: ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പി.ടി. ഉഷയെ നാമനിർദേശം ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ ആണ് പി.ടി. ഉഷയെ ഐ.ഒ.എ ജനറൽ അസംബ്ലിയിലേക്ക് പ്രതിനിധിയായി നാമനിർദേശം ചെയ്തത്.

കായിക മേഖലയിലെ മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾക്കുള്ള വിഭാഗത്തിൽ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ പി.ടി. ഉഷയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷൻ ഉഷയെ നാമനിർദേശം ചെയ്തത്. അസോസിയേഷൻ പ്രസിഡന്റ് ഗുർപ്രീത് സിങ് ബക്ഷിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഉഷയുടെ പേര് നാമനിർദേശം ചെയ്തത്.

ഇതിനെ ചോദ്യംചെയ്ത് കുൻസാങ് നാംഗ്യാൽ ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഉഷ ഒരിക്കലും ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗമായിരുന്നില്ലെന്നായിരുന്നു നാംഗ്യാൽ വിഭാഗത്തിന്റെ വാദം. അംഗത്വമില്ലാത്ത ഒരാളെ അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.

ചൊവ്വാഴ്ചവരെയാണ് ഐ.ഒ.എ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ഡൽഹി ഹൈക്കോടതിയുടെ അനുകൂല ഉത്തരവോടെ ഉഷയ്ക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തടസ്സം നീങ്ങി.