'ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നതിന് ലക്ഷ്യമുണ്ട്': സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി: ജന്തർ മന്തറിലെ ബരിക്കേഡുകൾ തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമിച്ച കേസിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. പൊതുസമാധാനത്തിനും സുരക്ഷയ്ക്കുമായി ബരിക്കേഡുകൾ സ്ഥാപിക്കുന്നതിന് കൃത്യമായ ലക്ഷ്യമുണ്ടെന്നും അവ തകർക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു.
തങ്ങളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെയാണ് സൗരവ് ദാസും അശുതോഷ് റാങ്കയും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് ഹർജി പിൻവലിച്ചു. പ്രതിഷേധ പ്രകടനങ്ങളിൽ അനാവശ്യ വ്യക്തികൾ കടന്നുകൂടി അന്തരീക്ഷം വഷളാക്കുന്നത് തടയാനാണ് പോലീസ് ശ്രമിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ജന്തർ മന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ജന്തർ മന്തറിലെ അടച്ച പൂട്ടിയിരുന്ന ഗേറ്റുകൾ മറികടന്ന് ഇരുവരും അകത്തുകടന്നത്. ഇതേത്തുടർന്ന് ജന്തർ മന്തറിലെ നിരോധിക്കപ്പെട്ട പ്രതിഷേധ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയെന്ന കേസിൽ ഒക്ടോബർ 14 മുതൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ശാന്തി ബോണ്ട് ലംഘിച്ചുവെന്ന് കാണിച്ച് ഒക്ടോബർ 19-നാണ് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവരുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്കുകൂടി നീട്ടിയത്. നിയമത്തോട് ബഹുമാനമില്ലാതെ പ്രക്ഷോഭങ്ങൾക്ക് ആഹ്വാനംചെയ്യുന്ന ഇവർ പുറത്തിറങ്ങുന്നത് പൊതുസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന പോലീസ് വാദം അംഗീകരിച്ചായിരുന്നു മജിസ്ട്രേറ്റിന്റെ ഉത്തരവ്.
Content Highlights: Delhi High Court criticized CJP leaders Sourav Das and Ashutosh Rang for breaking barricades at Jantar Mantar., Court stated that barricades are essential for public safety and order., Judicial custody challenge was dismissed, leading the petitioners to withdraw their plea.