ഡല്‍ഹിയില്‍ കനത്ത മഴ; മേല്‍ക്കൂര വീണ് പോലീസുകാരന്‍ മരിച്ചു, 200-ഓളം വിമാനസർവീസുകളെ ബാധിച്ചു

ഡൽഹിയിൽ കാറ്റിൽ മരം വീണ് കാർ തകർന്നപ്പോൾ| Photo by Sajjad HUSSAIN / AFP
ഡൽഹിയിൽ കാറ്റിൽ മരം വീണ് കാർ തകർന്നപ്പോൾ| Photo by Sajjad HUSSAIN / AFP

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ ശക്തമായ മഴയില്‍ ഗാസിയാബാദില്‍ അകുര്‍ വിഹാറിലെ എസിപി ഓഫീസിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പോലീസ് മരിച്ചു. 58 വയസ്സുകാരനായ വിരേന്ദ്ര മിശ്രയാണ് മരിച്ചത്. ശക്തമായ കാറ്റോട് കൂടിയ കനത്ത മഴയില്‍ ഡല്‍ഹിയിലും പരിസരപ്രദേശത്തും പലയിടങ്ങളിലും വെള്ളം കയറി. മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വണ്‍ എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായിരിക്കുന്നത്. 

ശനിയാഴ്ച രാത്രിയോടുകൂടി തുടങ്ങിയ മഴ വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായതോടെ നിരവധി റോഡുകളും അണ്ടര്‍പാസുകളും വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം സ്തംഭിച്ചു. ഇടിമിന്നലുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കടുത്ത മഴയ്ക്കൊപ്പം കാറ്റും ശക്തമായത് ഇന്ദിരാ ഗാന്ധി വിമാത്താവളത്തിലെ 200-ലേറെ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. രാത്രി 11:30 മുതല്‍ പുലര്‍ച്ചെ 4:00 വരെ 49 വിമാനങ്ങളുടെ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ വ്യക്തമാക്കി. സര്‍വീസുകളെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി അതാത് എയര്‍ലൈനുകളുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കഴിഞ്ഞ ദിവസം തന്നെ ഡല്‍ഹിയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും പൊടിക്കാറ്റും തുടര്‍ന്ന് ഇടിമിന്നലും മഴയും ഉണ്ടാകുമെന്നും മണിക്കൂറില്‍ 60 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. 

Content Highlights: Cop Virendra Misra killed in office roof collapse in heavy rain Delhi, over 200 flights hit