യമുനയിലെ ജലത്തിന്‍റെ ‘ശുദ്ധി’ തെളിയിക്കാന്‍ റീല്‍സ് ചിത്രീകരണം; ബിജെപി എംഎല്‍എ കാല്‍വഴുതി നദിയില്‍ വീണു

ന്യൂഡല്‍ഹി: യമുനാനദിക്കരയില്‍നിന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ബിജെപി എംഎല്‍എ കാല്‍വഴുതി വെള്ളത്തില്‍വീണു. ഡല്‍ഹിയിലെ പട്പര്‍ഗഞ്ജ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രവീന്ദര്‍ സിങ് നേഗിയാണ് നദിയില്‍വീണത്. ഛാഠ് പൂജയ്ക്കു മുന്നോടിയായി, യമുനയിലെ ജലത്തിന്റെ ഗുണനിലവാരം തെളിയിക്കാനുള്ള റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. എംഎല്‍എ വെള്ളത്തില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ട്രോളുകളും പൊടിപൊടിക്കുന്നുമുണ്ട്.
എംഎല്‍എ നദിക്കരയില്‍ രണ്ട് കുപ്പികളുമായി നില്‍ക്കുന്നതും പിന്നീട് വെള്ളത്തിലേക്ക് വീഴുന്നതുമാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാനാകുന്നത്. അതേസമയം, ഇത് നടന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല. നദിയിലേക്ക് വീഴുന്നതില്‍നിന്ന് നേഗിയെ രക്ഷിക്കാന്‍ സമീപത്തുനില്‍ക്കുന്ന ഒരാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ശേഷം, നദിയിലെ ഒരു തടിക്കഷണത്തില്‍ പിടിച്ചാണ് വെള്ളത്തില്‍നിന്ന് കയറുന്നത്.
നേഗി, വെള്ളത്തില്‍ വീഴുന്നതിന്റെ ദൃശ്യം പങ്കുവെച്ച് രൂക്ഷമായ പരിഹാസവുമായി എഎപി എംഎല്‍എ സഞ്ജീവ് ഝാ രംഗത്തെത്തിയിട്ടുണ്ട്. പൊള്ളയായ വാഗ്ദാനം നല്‍കുകയെന്നത് രാജ്യതലസ്ഥാനത്തെ ബിജെപി നേതാക്കളുടെ തൊഴിലായി മാറിയിരിക്കുന്നു. വ്യാജങ്ങളുടെയും പ്രകടനപരതയുടെയും രാഷ്ട്രീയത്തില്‍ മടുത്ത യമുനാ മാതാവ് തന്നെ അവരെ തന്റെ അരികിലേക്ക് വിളിക്കുന്നതാകാമെന്ന് അദ്ദേഹം പരിഹസിച്ചു. യമുനാനദിയിലെ മലിനീകരണത്തെക്കുറിച്ച് കടുത്ത ആരോപണ-പ്രത്യാരോപണങ്ങളാണ് ബിജെപിയും പ്രതിപക്ഷമായ എഎപിയും തമ്മില്‍ ഡല്‍ഹിയില്‍ നടക്കുന്നത്.
Content Highlights: delhi bjp mla slips into yamuna river