കൈയിൽ കെട്ടിയത് 94 ലക്ഷത്തിന്റെ സെക്കൻഡ് ഹാൻഡ് വാച്ച്; ദുബായിൽനിന്നെത്തിയ ആൾ അറസ്റ്റിൽ, അറിയണം ഈ കസ്റ്റംസ് നിയമങ്ങൾ

ന്യൂഡൽഹി: ദുബായിൽനിന്ന് ഒരുകോടിയോളം രൂപ വിലവരുന്ന വാച്ച് ധരിച്ചെത്തിയ ഇന്ത്യക്കാരൻ ഡൽഹിയിൽ അറസ്റ്റിൽ. പ്രീ ഓൺഡ് പാടെക് ഫിലിപ്പ് അക്വാനട്ട് (Patek Philippe Aquanaut) ആഡംബര വാച്ച് കൈയിൽ കെട്ടിയത് കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് ഇയാളുടെ അറസ്റ്റിലേക്ക് വഴിതെളിച്ചത്. 94 ലക്ഷം രൂപ വിലമതിക്കുന്ന വാച്ച് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐ.ജി.ഐ.) കസ്റ്റംസ് പിടിച്ചെടുത്തു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞത്. നവംബർ 11-നാണ് സംഭവം.
ദുബായിൽനിന്ന് സ്പൈസ് ജെറ്റിന്റെ SG5106 വിമാനത്തിലാണ് യാത്രക്കാരൻ ഡൽഹിയിലെത്തിയത്. ടെർമിനലിന് മുന്നിൽവെച്ച് ഇദ്ദേഹത്തെ കസ്റ്റംസ് തടയുകയും തുടർന്ന് എക്സ്റേ പരിശോധനയ്ക്കും വ്യക്തിഗത പരിശോധനയ്ക്കും ബാഗേജ് പരിശോധനയ്ക്കും വിധേയനാക്കി. പരിശോധനയിൽ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ വഴി യാത്രക്കാരനെ കടത്തിവിട്ടപ്പോൾ മുന്നറിയിപ്പ് അലാം മുഴങ്ങി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈയിൽ നിന്ന് ആഡംബരവാച്ച് കണ്ടെത്തിയത്.
1962-ലെ കസ്റ്റംസ് നിയമപ്രകാരമാണ് ഇയാളെ അറസ്റ്റുചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു. വാച്ച് പഴയതും ഉപയോഗിച്ചതുമാണെന്ന കാരണത്താൽമാത്രം കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാകില്ലെന്നാണ് ചട്ടങ്ങൾ വ്യക്തമാക്കുന്നത്. അത് യാത്രക്കാരന്റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള വ്യക്തിഗത വസ്തുവാണോ, അതോ ഇറക്കുമതി ചെയ്ത സാധനമായി കണക്കാക്കി തീരുവ ഈടാക്കേണ്ടതാണോ എന്നതാണ് പ്രധാനം.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധനയ്ക്കായി യാത്രക്കാർക്ക് ഗ്രീൻ ചാനൽ, റെഡ് ചാനൽ എന്നിങ്ങനെ രണ്ട് സംവിധാനങ്ങളാണുള്ളത്. കസ്റ്റംസ് തീരുവ ബാധകമായ സാധനങ്ങളൊന്നും കൈവശമില്ലാത്തവർക്ക് ഗ്രീൻ ചാനലിലൂടെ കടന്നുപോകാം. തീരുവ നൽകേണ്ട സാധനങ്ങൾ കൈവശമുള്ളവർ അവ പ്രഖ്യാപിച്ച് റെഡ് ചാനൽ വഴി ക്ലിയറൻസ് നേടണം.
2026-ലെ ബാഗേജ് ചട്ടങ്ങൾ പ്രകാരം, വിമാനമാർഗം ഇന്ത്യയിലെത്തുന്ന അർഹരായ ഇന്ത്യൻ താമസക്കാർക്കും ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും 75,000 രൂപ വരെയുള്ള സാധനങ്ങൾ പൊതുവായ ഡ്യൂട്ടി ഫ്രീ അലവൻസായി കൊണ്ടുവരാം. യാത്രയ്ക്കിടെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വ്യക്തിഗത വസ്തുക്കൾക്ക് പ്രത്യേക ഇളവും ചട്ടങ്ങൾ അനുവദിക്കുന്നുണ്ട്.
എന്നാൽ ഈ ഇളവുകൾ നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമാണ്. വിലകൂടിയ എല്ലാ വസ്തുക്കളും വ്യക്തിഗത ആവശ്യത്തിനുള്ളതാണെന്ന കാരണത്താൽ തീരുവയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാമെന്ന് ഇതിനർഥമില്ല. കസ്റ്റംസ് തീരുവ ബാധകമായ സാധനങ്ങൾ കൈവശമുള്ളവർ അവ പ്രഖ്യാപിച്ച് റെഡ് ചാനൽ വഴി പരിശോധന പൂർത്തിയാക്കണം. പ്രഖ്യാപിക്കേണ്ട സാധനങ്ങളൊന്നുമില്ലാത്തവർക്കാണ് ഗ്രീൻ ചാനൽ ഉപയോഗിക്കാനാകുക.