ദാവൂദിനെ ഭയന്ന് പലരും മടിച്ചു; ഒടുവിൽ രത്നഗിരിയിലെ ഭൂമി ലേലത്തിൽ വാങ്ങി മുംബൈ സ്വദേശി

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കണ്ടുകെട്ടിയ പൂർവികസ്വത്ത് ഒടുവിൽ ലേലത്തിൽ പോയി. രത്നഗിരിയിലെ ഭൂമി ലേലംചെയ്യാൻ 2017 മുതൽ നടത്തിയ നാലു ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒടുവിൽ മാർച്ച് അഞ്ചിന് കേന്ദ്രസർക്കാർ നടത്തിയ ലേലത്തിലാണ് മുംബൈ സ്വദേശി 10 ലക്ഷത്തിന് ഭൂമി വാങ്ങിയത്. കള്ളക്കടത്തുകാരുടെ സ്വത്ത് കണ്ടുകെട്ടൽ നിയമം (സഫെമ) പ്രകാരമാണ് ലേലം നടന്നത്.
ദാവൂദ് ഇബ്രാഹിമിന്റെ പൂർവികഗ്രാമമായ രത്നഗിരി ജില്ലയിലെ മുംബകെയിലാണ് ലേലത്തിൽ പോയ നാലു സ്ഥലവും സ്ഥിതിചെയ്യുന്നത്. ഈ പ്ലോട്ടുകൾ ദാവൂദിന്റെ അമ്മ ആമിനയുടെ പേരിലാണ് രജിസ്റ്റർചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലേലംകൊണ്ട വ്യക്തിയെക്കുറിച്ചുള്ള വിവരം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സർവേ നമ്പർ 442 (പാർട്ട് 13-ബി), സർവേ നമ്പർ 533, 453, 617 എന്ന പ്ലോട്ടുകളാണ് ലേലത്തിൽ പോയത്. ചട്ടമനുസരിച്ച്, ലേലക്കാരൻ ഏപ്രിൽ ആദ്യത്തോടെ പണമടയ്ക്കൽ പൂർത്തിയാക്കണം. 1990-കളിൽ സഫെമ നിയമപ്രകാരം ഈ പ്ലോട്ടുകൾ കേന്ദ്രസർക്കാരിലേക്ക് കണ്ടുകെട്ടുകയായിരുന്നു.
2017, 2020, 2024, 2025 വർഷങ്ങളിൽ ഈ സ്വത്തുക്കൾ ലേലംചെയ്യാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. 2025 നവംബറിൽ, കരുതൽ വിലയിൽ 30 ശതമാനത്തോളം കുറവുവരുത്തിയിട്ടും ആരും വാങ്ങാനെത്തിയില്ല. ദാവൂദിനെ ഭയന്ന് പലരും മടിക്കുകയായിരുന്നു.
2001-ൽ ദാവൂദുമായി ബന്ധപ്പെട്ട, മുംബൈയിലെ നാഗ്പാടയിലെ രണ്ടുസ്ഥലങ്ങൾ ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ അജയ് ശ്രീവാസ്തവ ലേലത്തിലെടുത്തിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും തുടരുകയാണ്. 2020-ൽ, മുംബകെ ഗ്രാമത്തിലുള്ള ദാവൂദിന്റെ പൂർവിക ബംഗ്ലാവ് ഇദ്ദേഹം സ്വന്തമാക്കുകയും അവിടെ ഒരു ട്രസ്റ്റ് സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന്, 2024-ൽ ഒരു സ്ഥലം 2.01 കോടിരൂപയ്ക്ക് ലേലംകൊണ്ടിരുന്നു. എന്നാൽ, കുടിശ്ശിക അടയ്ക്കാത്തതിനാൽ കരാർ റദ്ദാക്കി.
Content Highlights: Dawood Ibrahim's ancestral land in Mumbake, Ratnagiri sold for 10 lakhs., Previous four attempts to auction the land since 2017 were unsuccessful., The auction was conducted under the SAFEMA Act., The properties were registered under Dawood's mother, Amina., The buyer's identity remains confidential as per official protocols.