'രാഹുലിനെ പ്രീതിപ്പെടുത്താനുള്ള ശ്രമം'; പ്രണബിന് RSS പ്രേമമെന്ന ആരോപണത്തിന് മകളുടെ മറുപടി

ന്യൂഡല്‍ഹി: സംഘപരിവാര്‍ പ്രേമത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ സമ്മാനമാണ് പ്രണബ് മുഖര്‍ജിയുടെ സ്മാരകമെന്ന കോണ്‍ഗ്രസ് നേതാവ് ഡാനിഷ് അലിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. രാഹുല്‍ ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നായിരുന്നു ശര്‍മിഷ്ഠയുടെ പ്രതികരണം. ഇത്തരം പരാമര്‍ശങ്ങളിലൂടെ രാഹുല്‍ഗാന്ധിയുടെ മുന്‍ഗാമികളുടെ സാമര്‍ഥ്യത്തേയും പ്രജ്ഞയേയുമാണ് ഇത്തരക്കാര്‍ ചോദ്യംചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
'ഡാനിഷ് അലിയോ മറ്റേതെങ്കിലും വ്യക്തികളോ ആയിക്കോട്ടെ, അവര്‍ ഇത്തരം പ്രസ്താവനകളിലൂടെ രാഹുല്‍ഗാന്ധിയെ പ്രീതിപ്പെടുത്താനാവാം ശ്രമിക്കുന്നത്. ഇതിലൂടെ അവര്‍ രാഹുല്‍ഗാന്ധിയുടെ മുന്‍ഗാമികളായ ഇന്ദിരാഗാന്ധി, സോണിയാഗാന്ധി എന്നിവരുടെയും മന്‍മോഹന്‍സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടേയും സാമര്‍ഥ്യത്തേയും ബൗദ്ധികതയേയുമാണ് ചോദ്യംചെയ്യുന്നത്. പ്രണബ് മുഖര്‍ജിക്ക് ആര്‍.എസ്.എസുമായി ബന്ധമുണ്ടായിരുന്നെങ്കില്‍ 45 വര്‍ഷത്തോളം കോണ്‍ഗ്രസ് എങ്ങനെയാണ് പ്രധാനപദവികള്‍ നല്‍കിയത്? ഇന്ദിരാഗാന്ധിക്ക് ഇതൊന്നും കാണാനുള്ള കഴിവില്ലായിരുന്നോ? സോണിയാ ഗാന്ധിക്ക് ഇത്തരം കാര്യങ്ങള്‍ അറിയില്ലായിരുന്നോ?', ശര്‍മിഷ്ഠ ചോദിച്ചു.
ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസിന്റേയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റേയും ചരിത്രമറിയാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ ഡാനിഷ് അലി, പ്രണബ് മുഖര്‍ജിയുടെ സംഘപരിവാര്‍ പ്രേമത്തിനുള്ള സമ്മാനമാണ് സ്മാരകമെന്നും വിമര്‍ശിച്ചിരുന്നു. രാജ്ഘട്ടില്‍ മന്‍മോഹന്‍ സിങ്ങിന് സ്മൃതിമണ്ഡപം വേണമെന്ന രാജ്യത്തിന്റെ ആവശ്യം നിരസിച്ച കേന്ദ്രസര്‍ക്കാര്‍ പ്രണബ് മുഖര്‍ജിക്ക് സ്മാരകം പണിയാന്‍ സ്ഥലം അനുവദിച്ചു. അത് തരംതാണ രാഷ്ട്രീയവും രാജ്യത്ത് സാമ്പത്തിക വിപ്ലവം സാധ്യമാക്കിയ പ്രധാനമന്ത്രിയോടുള്ള അവഹേളനവുമാണ്. പ്രണബ് മുഖര്‍ജി നാഗ്പുരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്ത് തലകുമ്പിട്ടു. പാര്‍ലമെന്റില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ടായിരുന്നുവെന്നും ഡാനിഷ് അലി എക്‌സില്‍ കുറിച്ചു.
അംറോഹയില്‍നിന്നുള്ള ബി.എസ്.പി. എം.പിയായിരുന്നു ഡാനിഷ് അലി. ബി.എസ്.പി. സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അംറോഹയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നേരത്തെ, ജെ.ഡി.എസിലായിരുന്ന ഡാനിഷ് അലി 2019 മാര്‍ച്ചിലാണ് ബി.എസ്.പിയില്‍ ചേര്‍ന്നത്.
Content Highlights: Sharmistha Mukherjee responds to Danish Ali`s criticism of Pranab Mukherjee`s memorial