ഡ്രോണുകൾ, പീരങ്കികൾ, ഹെലികോപ്റ്ററുകൾ: 2.12 ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യം വർധിപ്പിക്കുന്നതിനായി 2.12 ലക്ഷം കോടി രൂപയുടെ പുതിയ ആയുധ-സാമഗ്രികൾ വാങ്ങാൻ അനുമതി നൽകി കേന്ദ്രം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
കെ-9 വജ്ര-ടി പീരങ്കികൾ, ഹൈ-മൊബിലിറ്റി വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ, എയർ ഡിഫൻസ് സിസ്റ്റങ്ങൾ, കാമികാസെ ഡ്രോണുകൾ ഉൾപ്പെടെയുള്ള അൺമാൻഡ് പ്ലാറ്റ്ഫോമുകൾ പ്രതിരോധ കരാറിൽ ഉൾപ്പെടുന്നു. ഇതിൽ ഏകദേശം 82 ശതമാനം ഉപകരണങ്ങളും ആഭ്യന്തര വ്യവസായ മേഖലയിൽനിന്നായിരിക്കും സംഭരിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിരോധ സംഭരണ ചട്ടങ്ങൾ പ്രകാരം, നടപടികളുടെ ആദ്യപടിയായ ആക്സപ്റ്റൻസ് ഓഫ് നെസസിറ്റി സർട്ടിഫിക്കറ്റ് ഡി.എ.സി നൽകിയിട്ടുണ്ട്. വ്യോമസേനയുടെ ഗതാഗത ആവശ്യങ്ങൾക്കായുള്ള പ്രത്യേക ഹെലികോപ്റ്ററുകൾ, കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടിയുള്ള ലൈറ്റ് മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ, ടാങ്കുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള കൗണ്ടർ-അൺമാൻഡ് ഏരിയൽ സിസ്റ്റം, നാവികസേനയ്ക്കായുള്ള ആക്ടീവ് ഓഫ്-ബോർഡ് ഡിസിസ്റ്റം എന്നിവയ്ക്കും അനുമതി ലഭിച്ചു. കൂടാതെ, കരസേനയ്ക്കായി ഗൺഷോട്ട് റെസ്പോൺസ് സിസ്റ്റം, ലോങ്-റേഞ്ച് കാമികാസെ ഡ്രോൺ സിസ്റ്റം, നിരീക്ഷണ ഡ്രോണുകൾ, വ്യോമസേനയ്ക്കായി വ്യോമാതിർത്തി മുന്നറിയിപ്പുകൾ നൽകുന്ന മൊബൈൽ എക്സ്-ബാൻഡ് ഡോപ്ലർ വെതർ റഡാർ സിസ്റ്റം എന്നിവയ്ക്കും അനുമതി നൽകിയിട്ടുണ്ട്.
ആഭ്യന്തര പ്രതിരോധ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉൽപ്പാദനം 1.78 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 15.6 ശതമാനം കൂടുതലാണ്. 2029-30 ഓടെ രാജ്യത്തെ പ്രതിരോധ നിർമാണം മൂന്ന് ലക്ഷം കോടി രൂപയാക്കാനും പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കാനും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Content Highlights: DAC approved ₹2.12 lakh crore worth of defence acquisitions., Includes K9 Vajra-T artillery, helicopters, air defense systems, and kamikaze drones., Around 82% of the equipment will be sourced from domestic industries., India's annual defence production reached a record ₹1.78 lakh crore in the 2025-26 fiscal year.