പ്രതിനിധിയെ അയക്കില്ല; 'ഇന്ത്യ' ഏകോപനസമിതിയിലേക്കില്ലെന്ന് സിപിഎം തീരുമാനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 'ഇന്ത്യ' പ്രതിപക്ഷ മുന്നണിയുടെ ഉന്നതതല ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്ന് സി.പി.എം. തീരുമാനം. സമിതിയില്‍ അംഗമായി ചേര്‍ത്തിട്ടുണ്ടെങ്കിലും പ്രതിനിധിയെ അയക്കേണ്ടെന്ന് പൊളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായി. പ്രതിപക്ഷ ഐക്യത്തിനായി മുന്നണിയില്‍ തുടരുമെങ്കിലും അംഗങ്ങളായ പാര്‍ട്ടികളുടെ തീരുമാനത്തിനുമുകളില്‍ പ്രത്യേക സമിതികള്‍ വേണ്ടെന്നാണ് നിലപാടെന്ന് സി.പി.എം. നേതൃത്വം വ്യക്തമാക്കി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത, മുംബൈയില്‍ ചേര്‍ന്ന മുന്നണി യോഗത്തിലായിരുന്നു ഏകോപന സമിതിയുണ്ടാക്കാന്‍ തീരുമാനിച്ചത്. ഏകോപനത്തിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കുമായുള്ള ഈ ഉന്നതതല സമിതിയില്‍ സി.പി.എമ്മിനെയും ഉള്‍പ്പെടുത്തിയെങ്കിലും പാര്‍ട്ടി പ്രതിനിധിയെ തീരുമാനിച്ചിരുന്നില്ല. അതിനാല്‍ ഏകോപന സമിതിയുടെ ആദ്യ യോഗം കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നെങ്കിലും സി.പി.എം. പങ്കെടുത്തിരുന്നില്ല.

അതേസമയം, ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ 'ഇന്ത്യ' മുന്നണി വിപുലമാക്കണമെന്നും സമാനചിന്താഗതിക്കാരായ കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്നും പി.ബി. അഭിപ്രായപ്പെട്ടു. 'ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പി'നെ എതിര്‍ക്കുക, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പരാജയപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങളുമെടുത്തു. ഡല്‍ഹിയില്‍ നടന്ന രണ്ടുദിവസത്തെ പി.ബി. യോഗം ഞായറാഴ്ച സമാപിച്ചു.

Content Highlights: cpm politburo decides not to nominate member to INDIA alliance cordination committee member