'നിങ്ങൾ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങൾ ഇങ്ങനെ ചെയ്‌തെന്ന നിലപാട് വേണ്ട'- മുകേഷിന്റെ രാജിവിഷയത്തിൽ ബൃന്ദ

ന്യൂഡല്‍ഹി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്ന മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലില്‍ പ്രതികരിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് പ്രതികരണം.
ലൈംഗിക ചൂഷണ ആരോപണ വിധേയനായ കൊല്ലം എം.എല്‍.എ. എം. മുകേഷ് സ്ഥാനത്തു തുടരുന്നതിനെ കുറിച്ചും ബൃന്ദയുടെ ലേഖനത്തില്‍ പരോക്ഷമായ പരാമര്‍ശമുണ്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകള്‍ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
ലൈംഗിക ചൂഷണ ആരോപണ വിധേയരായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചില്ലല്ലോ ഇപ്പോഴും തുടരുന്നല്ലോ എന്ന മറുവാദം ഉയര്‍ത്തിയാണ് മുകേഷ് ഇപ്പോള്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാട് സി.പി.എം. കൈക്കൊണ്ടിരുന്നത്. മുന്നണി കണ്‍വീനര്‍ തന്നെ ഈ നിലപാട് വ്യാഴാഴ്ച പറയുകയും ചെയ്തു. എന്നാല്‍ ഈ നിലപാട് ശരിയല്ലെന്ന പരോക്ഷ പരാമര്‍ശമാണ് ബൃന്ദയുടെ ലേഖനത്തിലുള്ളത്.
എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്തതു കൊണ്ട് ഞാന്‍ ഇങ്ങനെ ചെയ്തുവെന്ന വിധത്തിലുള്ള നിലപാട് അല്ല വിഷയത്തില്‍ കൈക്കൊള്ളേണ്ടതെന്ന് ഹിന്ദിയിലുള്ള ഒരു പ്രയോഗത്തിലൂടെ ബൃന്ദ ലേഖനത്തില്‍ പറയുന്നു. ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയരായ രണ്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങള്‍ ഇവരെ പിന്തുണയ്ക്കുന്നെന്നും ബൃന്ദ വിമര്‍ശിക്കുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് വിഷയത്തിലെ പരോക്ഷ വിമര്‍ശനം.
ഹേമാ കമ്മിറ്റി രൂപവത്കരിക്കപ്പെട്ടതിനെയും ഇടതുസര്‍ക്കാരിന്റെ നിലപാടിനെയും ലേഖനത്തില്‍ ബൃന്ദ പ്രകീര്‍ത്തിക്കുന്നുണ്ട്. ലൈംഗിക ചൂഷണ ആരോപണ വിധേയനായ മുകേഷിനെതിരേ കേസ് എടുത്തതിലൂടെ സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ വ്യാജ ആരോപണത്തിന് പിന്നിലെ തരംതാണ രാഷ്ട്രീയം വെളിപ്പെട്ടുവെന്നും ബൃന്ദ പറയുന്നു.
Content Highlights: cpm polit bureau member brinda karat on hema commitee report and m mukesh resignation demand