ബിജെപി വിരുദ്ധസമരം പേരിലൊതുങ്ങി, ഇടത് ഐക്യത്തിലും പാളി; സിപിഎം കേന്ദ്രനേതൃത്വത്തിന് വിചാരണ

#പി.കെ. മണികണ്ഠന്‍
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

മധുര: കരടുരാഷ്ട്രീയപ്രമേയത്തിന്റെ ചര്‍ച്ചയില്‍ വിചാരണനേരിട്ട് സിപിഎം കേന്ദ്രനേതൃത്വം. ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിനെ വേണ്ടത്ര ചെറുക്കാനും പാര്‍ട്ടിക്കു സ്വതന്ത്രമായി വളരാനും കഴിയാത്തതിന്റെ പ്രധാന ഉത്തരവാദിത്വം കേന്ദ്രനേതൃത്വത്തിനാണെന്ന് വിവിധസംസ്ഥാനങ്ങളില്‍നിന്നു സംസാരിച്ച പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ബിജെപിവിരുദ്ധ പോരാട്ടത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതിന്, തമിഴ്‌നാട്ടില്‍നിന്നുള്ള പ്രതിനിധികള്‍ പിബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ പേരെടുത്തു വിമര്‍ശിച്ചു. ദേശീയതലത്തില്‍ നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കേന്ദ്രനേതൃത്വം വേണ്ടത്ര ഇടപെട്ടിട്ടില്ലെന്ന് കേരളവും കുറ്റപ്പെടുത്തി.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഒഡിഷ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് കേന്ദ്രനേതൃത്വത്തെ കടന്നാക്രമിച്ചത്. ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്നാണ് രാഷ്ട്രീയലൈന്‍. എന്നാല്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയധാരണ പാടില്ലെന്നും പറയുന്നു. ഇതു ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു -ആന്ധ്രയില്‍നിന്നുള്ളവര്‍ പറഞ്ഞു.

ഇടതുപക്ഷ ഐക്യം നേതാക്കള്‍ തുടര്‍ച്ചയായി പറയുന്നുണ്ടെങ്കിലും നാളിതുവരെ അതിനൊരു കര്‍മരേഖ തയ്യാറാക്കിയില്ലെന്നാണ് ആന്ധ്രാ പ്രതിനിധികളുടെ പരാതി. ദേശീയതലത്തില്‍ ഇടത് ഐക്യം ശക്തിപ്പെടുത്തണമെന്ന് കേരളത്തില്‍നിന്നുള്ള എം. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

Content Highlights: CPM`s central leadership faced criticism for its handling of the BJP-RSS alliance