ഡൽഹിയിൽ നേതാക്കളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയിൽ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

#ന്യൂസ് ഡെസ്ക്
സിപിഎം നേതാക്കൾ പ്രതിഷേധത്തിനിടെ | Photo: Mathrubhumi news/screengrab
സിപിഎം നേതാക്കൾ പ്രതിഷേധത്തിനിടെ | Photo: Mathrubhumi news/screengrab

ന്യൂഡൽഹി: മുഖ്യ ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ പ്രതിഷേധിച്ച സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കേന്ദ്ര കമ്മിറ്റി ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.

ജന്തർ മന്തറിൽ പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, കേരളത്തിന്റെ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, തോമസ് ഐസക്, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, ജോൺ ബ്രിട്ടാസ് തുടങ്ങിയ പ്രമുഖ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരോടൊപ്പം ഇന്ദ്രജിത് ഗുപ്ത റോഡിലെ ഹർകിഷൻ സിങ് സുർജീത് ഭവനിൽനിന്ന് മാർച്ച് നടത്താൻ ശ്രമിച്ച ബി.വി. രാഘവലു, അരുൺ കുമാർ, വിജൂ കൃഷ്ണൻ, മറിയം ധാവളെ, എ.ആർ. സിന്ധു, ലോകനാഥൻ തുടങ്ങിയ നേതാക്കളെ മിന്റോ റോഡിന് സമീപത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധങ്ങളിൽ സർക്കാർ പരിഭ്രാന്തരാണെന്നും എന്നാൽ ഇത്തരം അടിച്ചമർത്തൽ നടപടികളിലൂടെ ജനങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അധികാരം പ്രകടിപ്പിക്കാനുള്ള അമിത ആവേശത്തിൽ ബിജെപി സർക്കാർ ഭീരുത്വവും ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും സിപിഎം പറഞ്ഞു.

Content Highlights: CPM leaders including M.A. Baby and Pinarayi Vijayan were arrested by Delhi police during a peaceful protest in New Delhi., Protesters demanded the resignation of CEC Gyanesh Kumar and the withdrawal of SIR., The CPM Polit Bureau strongly condemned the police crackdown, internet shutdowns, and strict restrictions., The party stated that Modi government's suppression tactics cannot stop people from protesting.