സർക്കാരിന്റെ ചില നയങ്ങൾ അടിസ്ഥാനവിഭാഗങ്ങളെ അകറ്റി; ഒടുവിൽ സിപിഐയ്ക്ക് തിരിച്ചറിവ്

സ്വന്തം ലേഖകൻ: സംസ്ഥാനസർക്കാരിന്റെ ചില നയതീരുമാനങ്ങൾ അടിസ്ഥാനജനവിഭാഗങ്ങളെ അകറ്റിയെന്ന് സി.പി.ഐ.യുടെ സ്വയം വിമർശനം. നിയമസഭാതിരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടിയതിന് ഇതൊരു കാരണമാണെന്ന് രണ്ടുദിവസമായി ചേർന്ന പാർട്ടി ദേശീയകൗൺസിൽ വിലയിരുത്തി. ആശവർക്കർമാരുടെ സമരത്തോട് മുഖംതിരിച്ചതും കള്ളുചെത്ത് പോലുള്ള പരമ്പരാഗത വ്യവസായമേഖലകളെ അവഗണിച്ചതുമെല്ലാം ഇടതുനയത്തിന് ചേർന്നതല്ലെന്നാണ് സി.പി.ഐയുടെ വിമർശനം. ബാറുകളുടെ എണ്ണം കൂട്ടിയപ്പോൾ കള്ളുഷാപ്പുകളുടെ ദൂരപരിധിക്കാര്യത്തിലുൾപ്പെടെ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുന്നതിൽ വേണ്ടത്ര നടപടിയുണ്ടായില്ല. യാഥാർഥ്യം തിരിച്ചറിഞ്ഞുള്ള തെറ്റുതിരുത്തലുണ്ടായാലേ ഇടതുപക്ഷത്തിന് തിരിച്ചുവരാൻ സാധിക്കൂവെന്നും സി.പി.ഐ. വിലയിരുത്തി.
തമിഴ്നാട്ടിൽ ടി.വി.കെ.യെ പിന്തുണയ്ക്കുന്നതിൽ ഇടതുപക്ഷം സ്വീകരിച്ച സമീപനം അംഗീകരിക്കപ്പെട്ടെന്നും അതേസമയം കോൺഗ്രസിന്റേത് എടുത്തുചാട്ടമായെന്നും യോഗം വിലയിരുത്തി.
കേരളത്തിൽ പ്രതിപക്ഷ ഉപനേതാവിനായി ശക്തമായി നിലകൊള്ളാൻ സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ ധാരണയായി. ഇത്തവണ സി.പി.ഐ.ക്ക് പരിഗണന കിട്ടണമെന്നാണ് ആവശ്യം. എൽ.ഡി.എഫ്. യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കാൻ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ല -ബിനോയ് വിശ്വം
: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐ.ക്ക് കിട്ടണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം.
‘‘പാർട്ടിക്കുള്ളിൽ നേതൃമാറ്റ ആവശ്യം ഉയർന്നില്ല. ഞാൻ മാറണമെന്ന് ഫെയ്സ്ബുക്കിൽ ചിലർ പറഞ്ഞിട്ട് കാര്യമില്ല. കമ്യൂണിസ്റ്റ് രീതി അതല്ല. ആശസമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ചത് വലിയ തെറ്റായിപ്പോയെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
തൊഴിലാളിസമരങ്ങളെ അധിക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ല. തിരഞ്ഞെടുപ്പുതോൽവി ജനങ്ങളുടെ മുന്നറിയിപ്പാണ്. അതിനാൽ പിഴവുകൾ തിരുത്തി മുന്നോട്ടുവന്നേ മതിയാകൂ’’ -ബിനോയ് വിശ്വം പറഞ്ഞു.
വ്യക്തിപൂജ തിരിച്ചടിയായോ എന്ന ചോദ്യത്തിന് അങ്ങനെയുണ്ടായെങ്കിൽ അത് വലിയ പിഴവാണെന്നും ലോക ചരിത്രത്തിൽനിന്ന് പാർട്ടി പഠിച്ച വലിയ പാഠമാണതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CPI acknowledges that government policies alienated grassroots communities., Neglect of ASHA workers and traditional toddy tapping industry cited as major failures., Binoy Viswam asserts CPI's firm demand for the Opposition Deputy Leader position., Party emphasizes the need for self-correction to regain public trust., Rejection of personality cults as a historical lesson for the Communist movement.