പുരുഷമേധാവിത്വ മനോഭാവത്തിന് മാറ്റമില്ല, പാര്‍ട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കുന്നു; CPI റിപ്പോർട്ട്

ചണ്ഡീഗഢ്: പാര്‍ട്ടിയില്‍ മുരടിപ്പെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. ചില നേതാക്കള്‍ പദവിയില്‍നിന്നു മാറുന്നില്ലെന്നും മറ്റുചിലര്‍ പാര്‍ട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കുന്നുവെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐയുടെ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഞായറാഴ്ച ചണ്ഡീഗഢില്‍ പതാക ഉയർന്നു.
സംഘടനാപരമായി പാര്‍ട്ടി നിലവില്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ട്ടിയില്‍ മുരടിപ്പുണ്ടെന്നും പഴയതുപോലെ രാജ്യത്താകമാനം ഉയര്‍ന്നുവരാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. പണം മോഹിച്ചും പദവികള്‍ മോഹിച്ചുമാണ് പലരും സ്ഥാനാര്ഥികളാകുന്നതെന്നും അത്തരം ആളുകളെ കൃത്യമായി കണ്ടെത്താന്‍ സാധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെയുള്ളവരെ മാറ്റിനിര്‍ത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലിംഗസമത്വത്തെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം, പാര്‍ട്ടിയില്‍ പുരുഷമേധാവിത്വ മനോഭാവത്തിന് മാറ്റമുണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയില്‍ പാര്‍ലമെന്ററി മോഹമുള്ളവരുണ്ടെന്നും ഇത്തരം പദവികള്‍ മോഹിച്ചാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും വിമര്‍ശനമുണ്ട്.
തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ പാര്‍ട്ടിയുടെ സ്വാധീനം കുറയുന്നതിന് തെളിവാണെന്നും പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി എടുക്കുന്ന തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാനാവുന്നില്ല, മത്സരിക്കാന്‍ സീറ്റ് കിട്ടാത്തവര്‍ പാര്‍ട്ടി വിടുന്ന അവസ്ഥയുണ്ട് തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: cpi party congress report criticism