ദക്ഷിണേന്ത്യയിൽനിന്നുള്ള പ്രാതിനിധ്യം, RSS പശ്ചാത്തലം; BJP രംഗത്തിറക്കിയത് ഉറച്ച പാര്‍ട്ടിനേതാവിനെ

#പ്രവീൺ കൃഷ്ണൻ
സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുത്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച അദ്ദേഹത്തോടൊപ്പമുള്ള ചിത്രം | ANI
സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുത്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച അദ്ദേഹത്തോടൊപ്പമുള്ള ചിത്രം | ANI

ന്യൂഡൽഹി: സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കാനുള്ള ബിജെപി തീരുമാനത്തിൽ പ്രതിഫലിക്കുന്നത് പാർട്ടി നേതൃത്വത്തിൽ ഉയർന്നുവന്ന കാഴ്ചപ്പാടാണ്. പ്രമുഖ പദവികളിലേക്ക് പരീക്ഷണങ്ങൾ വേണ്ടെന്നും പുറത്തുനിന്നുള്ളവരെ കൊണ്ടുവരേണ്ടെന്നുമുള്ള തീരുമാനത്തിന്റെ ഭാഗമാണിത്.

ദക്ഷിണേന്ത്യയിൽനിന്നുള്ള പ്രാതിനിധ്യം എന്നതും തമിഴ്‌നാട്ടിൽനിന്നുള്ള നേതാവ് എന്നതുമാണ് രാധാകൃഷ്ണന് അനുകൂലമായ പ്രധാനഘടകം. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ ഈ നീക്കം ഗുണംചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ആർഎസ്എസ് പശ്ചാത്തലവും രാധാകൃഷ്ണന് അനുകൂലമായി. 16-ാം വയസ്സുമുതൽ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. 96-ൽ തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറിയായി. 2004 മുതൽ 2007 വരെ സംസ്ഥാനാധ്യക്ഷനും.

1957 ഒക്ടോബർ 20-ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി.പി. രാധാകൃഷ്ണന്റെ ജനനം. ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ബിരുദധാരിയാണ്. 1998-ലും 1999-ലും കോയമ്പത്തൂരിൽനിന്ന്‌ ലോക്‌സഭാംഗമായ രാധാകൃഷ്ണൻ, പിന്നീട് മൂന്ന് ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടു. മഹാരാഷ്ട്രയിൽ ഗവർണറാകുന്നതിന് മുൻപ്‌ ഝാർഖണ്ഡിൽ ഗവർണറായിരുന്നു. തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്‌. ഗവർണറുടെയും അധികച്ചുമതല വഹിച്ചിട്ടുണ്ട്. 2020 മുതൽ 22 വരെ കേരളത്തിലെ ബിജെപിയുടെ ചുമതല വഹിച്ചിരുന്നു.

സി.പി. രാധാകൃഷ്ണനെ ഐകകണ്ഠ്യേന ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹമെന്ന് ജെ.പി. നഡ്ഡ പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുമായി നേരത്തേ സംസാരിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചശേഷമേ അഭിപ്രായം അറിയിക്കാൻ കഴിയൂവെന്നാണ് പ്രതിപക്ഷം അറിയിച്ചതെന്നും പ്രതിപക്ഷ പാർട്ടി നേതാക്കളുമായി വീണ്ടും സംസാരിക്കുമെന്നും നഡ്ഡ പറഞ്ഞു. സെപ്‌റ്റംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്.

Content Highlights: cp radhakrishnan bjps vice presidential candidate