മണ്ഡല പുനർനിർണയം; കൂട്ടുപിടിക്കുന്നത് വനിതാ സംവരണ നിയമത്തെ

#ഷൈന്‍ മോഹന്‍
Photo PTI
Photo PTI

ന്യൂഡൽഹി: ഭരണ -പ്രതിപക്ഷ പോരിന് പാർലമെന്റിനെ വേദിയാക്കുന്ന വ്യവസ്ഥകളടങ്ങിയ ബില്ലുകൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭാ സീറ്റെണ്ണം 50 ശതമാനം വർധിപ്പിച്ച് വനിതാ സംവരണത്തിന് വഴിയൊരുക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനാണ് അംഗീകാരം.

ലോക്സഭാസീറ്റുകൾ ഇപ്പോഴത്തെ 543-ൽ നിന്ന് പരമാവധി 850 വരെയാക്കാനാണ് വ്യവസ്ഥ. സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകൾ 50 ശതമാനം കൂട്ടുന്നതിനൊപ്പം ഈ അനുപാതം 1971-ലെ സെൻസസിനെ അടിസ്ഥാനമാക്കി 25 വർഷത്തേക്ക് (2051 വരെ) മരവിപ്പിക്കും. മണ്ഡലങ്ങൾ മാറ്റിവരയ്ക്കുന്നതിന് 2011-ലെ സെൻസസാകും അടിസ്ഥാനം. സംസ്ഥാന നിയമസഭകളിലെ പരമാവധി സീറ്റുകളുടെ എണ്ണം 500-ൽ നിന്ന് 650 ആക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. അല്ലാത്തപക്ഷം നിലവിൽ 403 അംഗങ്ങളുള്ള യു.പി. നിയമസഭയിൽ 50ശതമാനം സീറ്റ് സാധ്യമാവില്ല.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

തിങ്കളാഴ്ച തുടങ്ങുന്ന നാലു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ പാസാക്കുകയാണ് ലക്ഷ്യം. വനിതാ സംവരണ നിയമത്തെ കൂട്ടുപിടിച്ച് മണ്ഡലപുനർനിർണയത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള നീക്കം എൻ.ഡി.എ.യ്ക്ക് ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ ഏപ്രിലിൽ പരാജയപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസിലെ പിളർപ്പിനൊപ്പം പ്രതിപക്ഷകക്ഷികളായ ഡി.എം.കെ., എൻ.സി.പി., എസ്.പി. എന്നിവയുടെ നിലപാടുകളിലാണ് ഇപ്പോഴത്തെ പ്രതീക്ഷ.

ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കാനുള്ള നിയമം 2023-ൽ പാസാക്കി. അടുത്ത സെൻസസിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡലപുനർനിർണയത്തിനു ശേഷമേ വനിതാസംവരണം നടപ്പാക്കാനാവൂ. ഇപ്പോഴത്തെ സെൻസസും അതടിസ്ഥാനമാക്കിയുള്ള മണ്ഡലപുനർനിർണയവും 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുൻപ് പൂർത്തിയാക്കാനാകില്ലെന്നതാണ് ഈ തിടുക്കത്തിനുകാരണം. 2011-ലെ സെൻസസോ പുതിയ സെൻസസോ അടിസ്ഥാനമാക്കി മണ്ഡലപുനർനിർണയം നടത്തിയാൽ ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകുറയും. ഇതൊഴിവാക്കാനാണ് സംസ്ഥാനങ്ങൾക്ക് 50 ശതമാനം വർധന കൊണ്ടുവരുന്നതെന്നാണ് സർക്കാരിന്റെ അവകാശവാദം. സീറ്റനുപാതം ദീർഘകാലത്തേക്ക് മരവിപ്പിക്കുന്നതിലൂടെ ഡി.എം.കെ. ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയാണ് ലക്ഷ്യമിടുന്നത്.

Content Highlights: Constituency Delimitation, Leveraging the Women's Reservation Act