'സീറ്റ് 850 ആക്കുന്നത് ജനാധിപത്യത്തെ വധിക്കാൻ'- രാഹുൽ ഗാന്ധി

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: വോട്ടുമോഷണത്തിൽ കുടുങ്ങിയ ബി.ജെ.പി.ക്ക് രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണ് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വനിതാ സംവരണത്തിന്റെ പേരിൽ സീറ്റുകൾ കൂട്ടുന്നതിനുപകരം, ഒ.ബി.സി. ഉപസംവരണത്തോടെ 543 സീറ്റുകളിൽത്തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നും 2027-ലെ ജാതി സെൻസസ് അടിസ്ഥാനമാക്കി സാമൂഹികനീതി ഉറപ്പാക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

''വോട്ട് രേഖപ്പെടുത്തും മുൻപ് വിജയം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവർക്ക് നൽകുന്ന ബ്ലാങ്ക് ചെക്കാണ് 850 സീറ്റുകൾ. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊലപാതകമാണ്. 850 സീറ്റുകളാക്കുന്നതിന് വനിതാ സംവരണത്തെ ബി.ജെ.പി. ഒഴിവുകഴിവായി പറയുന്നു. വനിതാ സംവരണ ബിൽ ഇതിനകം പാസ്സാക്കിയതാണ്. നിലവിലെ 543 സീറ്റുകളിൽ നാളെത്തന്നെ ഇത് നടപ്പിലാക്കാം. ഒ.ബി.സി, ദളിത് ജനസംഖ്യയിലെ വർധനവ് പുറത്തുവരുമെന്ന ഭയത്താൽ 2027-ലെ സെൻസസും ജാതി സെൻസസും സർക്കാർ മാറ്റിവെച്ചു. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി 2051 വരെ സീറ്റുകൾ മരവിപ്പിക്കുന്നതിലൂടെ 40 വർഷത്തേക്ക് എസ്.സി., എസ്.ടി, ഒ.ബി.സി. വിഭാഗങ്ങളുടെ സാമൂഹിക നീതി നിഷേധിക്കപ്പെടും. ന്യൂനപക്ഷങ്ങൾ അശക്തരാക്കപ്പെടും. ജനസംഖ്യ വർധിക്കുമ്പോഴും എസ്.സി., എസ്.ടി. സംവരണ സീറ്റുകൾ 40 വർഷത്തേക്ക് വർധിക്കില്ല. സംസ്ഥാനങ്ങളുടെ സീറ്റുവിഹിതത്തിൽ മാറ്റംവരുത്താതെ 2027-ലെ ജാതി സെൻസസ് അടിസ്ഥാനമാക്കി പുനർനിർണയം നടത്തണം.

ലോക്‌സഭാ സീറ്റുകൾ 850 ആക്കുന്നതിലൂടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം ബി.ജെ.പി.ക്ക് അനുകൂലമായി മാറ്റിവരയ്ക്കും.'' -രാഹുൽ പറഞ്ഞു.

''2024-ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. നരേന്ദ്ര മോദി വ്യാജ പ്രധാനമന്ത്രിയാണ്. മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുണ്ടെന്ന് ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും നൂറുശതമാനം 'ജെൻ സി' യുവാക്കളും വിശ്വസിക്കുന്നതായി സർവേകൾ കാണിക്കുന്നു. ഗ്യാനേഷ് കുമാറിനെതിരായ തെളിവുകൾ ഉടൻ പുറത്തുവിടും. ഒരു മണ്ഡലത്തിൽനിന്ന് മൂന്നുമുതൽ അഞ്ചുലക്ഷംവരെ വോട്ടർമാരെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റുക, അസമിലെ കാസിരംഗ, മംഗൾദോയ് മണ്ഡലങ്ങൾപോലെ പരസ്പര ബന്ധമില്ലാത്ത രീതിയിൽ മണ്ഡലങ്ങളെ വെട്ടിമുറിക്കുക എന്നിവയാണ് ബി.ജെ.പി. ചെയ്യുന്നത്. ഗ്യാനേഷ് കുമാർ, മോദിയും ഷായും തിരഞ്ഞെടുക്കുന്ന മുൻ സുപ്രീം കോടതി ജഡ്ജി, ഗ്യാനേഷ് കുമാർതന്നെ തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ അംഗം എന്നിവരടങ്ങുന്ന മണ്ഡല പുനർനിർണയ കമ്മിഷൻ ബി.ജെ.പി.യുടെ പൂർണ നിയന്ത്രണത്തിലാകും. '- രാഹുൽ ഗാന്ധി പറഞ്ഞു.

Content Highlights: Constituency Delimitation, Rahul Gandhi