കമല്‍നാഥ് ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ എം.എല്‍.എമാരെ ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ എം.എല്‍.എമാരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം. കമല്‍നാഥിനൊപ്പം കൂട്ടപ്പലായനംഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.
മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരിയും പ്രതിപക്ഷ നേതാവ് ഉമാങ് സിംഘ്ഹാറും മറ്റുമുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരോട് ആശയവിനിമയം നടത്തി. കമല്‍നാഥുമായും മകന്‍ നകുല്‍നാഥുമായും അടുപ്പമുള്ള എം.എല്‍.എമാരിലാണ് കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിനില്‍ക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് കൂട്ടപ്പലായനം ഉണ്ടായാല്‍ അത് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതൃത്വത്തിന്റെ ഇടപെടല്‍.
മുന്‍ മന്ത്രിമാരായ സജ്ജന്‍ സിങ് വര്‍മ, സുഖ്‌ദേവ് പാന്‍സെ, എം.എല്‍.എമാരായ സതീഷ് സിങ് സികര്‍വാര്‍, സുഖ്‌ദേവ് പാന്‍സെ, സഞ്ജയ് ഉയ്കെ, നിലേഷ് ഉയ്കെ, സോഹന്‍ വാല്‍മീകി, വിജയ് ചൗരെ, കമലേഷ് ഷാ, ലഖന്‍ ഘങ്കോറിയ എന്നിവരിലാണ് കൂടുതല്‍ ശ്രദ്ധ. ഇവര്‍ കമല്‍നാഥുമായി അടുപ്പമുള്ളവരാണ്.
കല്‍നാഥ് ബി.ജെ.പിയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഏത് നീക്കം നടത്തിയാലും കമല്‍നാഥിനെ അനുഗമിക്കുമെന്നും മുതിര്‍ന്ന നേതാവ് സജ്ജന്‍ സിങ് വര്‍മ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കമല്‍നാഥിനൊപ്പം സജ്ജന്‍ വര്‍മയടക്കമുള്ള മൂന്ന് എം.എല്‍.എമാര്‍ ഡല്‍ഹിയിലുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 66 എം.എല്‍.എമാരാണുള്ളത്.
മധ്യപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രികൂടിയായ കമല്‍നാഥ്, മകനും എംപിയുമായ നകുല്‍നാഥിനൊപ്പം ശനിയാഴ്ചയാണ് ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടിവിടുമെന്ന പ്രചാരണം നിഷേധിക്കാതെ, അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ ആദ്യം മാധ്യമങ്ങളെ അറിയിക്കുമെന്നാണ് കമല്‍നാഥ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നകുല്‍നാഥ് സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരുനീക്കുകയും ചെയ്തിരുന്നു.
Content Highlights: Congress Works To Limit Damage-amid Kamal Nath’s BJP switch’ talk