പ്രവര്‍ത്തക സമിതി; തരൂരില്‍ സസ്പെന്‍സ്, കെ.സിക്ക് പുറമെ ചെന്നിത്തലയും; പ്രിയങ്കയുടെ റോള്‍ എന്ത്?

ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ എ.ഐ.സി.സി. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് എട്ടുമാസം പൂര്‍ത്തിയാവുമ്പോള്‍, കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതിയെ ഉടന്‍
പ്രഖ്യാപിച്ചേക്കും. ജൂലായ് ആദ്യത്തോടെ പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, 25 പേരുണ്ടായിരുന്ന പ്രവര്‍ത്തക സമിതിയുടെ അംഗബലം കഴിഞ്ഞ റായ്പുര്‍ പ്ലീനറി സമ്മേളനത്തില്‍ 35 ആയി ഉയര്‍ത്തിയിരുന്നു. പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ചുമതല അധ്യക്ഷനെ ഏല്‍പ്പിച്ചതും പ്ലീനറിയില്‍ തന്നെയായിരുന്നു.
ഭാരത് ജോഡോ യാത്രയും പാര്‍ലമെന്റ് സമ്മേളനങ്ങളും കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പുമാണ് പ്രവര്‍ത്തക സമിതി പ്രഖ്യാപനം നീണ്ടുപോകാന്‍ കാരണമായത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബലപ്പെടുത്തുന്ന തരത്തിലുള്ള ടീമിനെയാണ് ഖാര്‍ഗെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാഗാന്ധിക്ക് പുതിയ പ്രവര്‍ത്തക സമിതിയിലെ റോള്‍ എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ, അവര്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയൊഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും തെലങ്കാനയിലും പ്രചാരണങ്ങള്‍ക്ക് പ്രിയങ്കയാണ് നേതൃത്വം നല്‍കുന്നത്. പ്രിയങ്ക ജനറല്‍ സെക്രട്ടറിയായി തുടരുമോ അതോ വര്‍ക്കിങ് പ്രസിഡന്റായി പ്രമോഷനുണ്ടാവുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ അശോക് ഗഹലോത്തുമായി പോരിലുള്ള സച്ചിന് പൈലറ്റിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ജനറല്‍ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്ന് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനുള്ള സാധ്യത സാധ്യത പരിഗണിക്കുന്നു. എന്നാല്‍ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ അവിടെ നിന്ന് മാറാനില്ലെന്ന നിലപാടിലാണ് സച്ചിന്. സച്ചിന് അതിന് വഴങ്ങാത്ത പക്ഷം ഛത്തീസ്ഗഢിലെ പോലെ സച്ചിന് പദവി നല്കി ഒരു സമവായ ഫോര്മുലയ്ക്കുള്ള ചര്‍ച്ചകളും സമാന്തരമായി നടക്കുന്നുണ്ട്
കെ.സി. വേണുഗോപാല്‍ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുതന്നെ തുടരുമെന്നാണ് സൂചന. എ.ഐ.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് പ്രവര്‍ത്തക സമിതിയില്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് 1000-ല്‍ അധികം വോട്ട് നേടിയ തരൂരിനെ അത്രയെളുപ്പം അവഗണിക്കാന്‍ സാധിക്കില്ല.
പ്രവര്‍ത്തക സമിതിയില്‍ എടുത്തില്ലെങ്കില്‍ തരൂരിന്റെ നിലപാട് നിര്‍ണായകമാകും. ഒരു പക്ഷേ അദ്ദേഹം കടുത്ത തീരുമാനത്തിലേക്ക് പോയേക്കാം എന്ന് സംശയിക്കുന്നവരും പാര്‍ട്ടിയിലുണ്ട്
ആരോഗ്യകാരണങ്ങളാല്‍ പ്രവര്‍ത്തക സമിതിയില്‍നിന്ന് ഒഴിയുന്ന എ.കെ. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും പകരം കേരളത്തില്‍നിന്ന് ആരൊക്കെയെത്തുമെന്നതും നിര്‍ണായകമാണ്. തരൂരിന് പുറമെ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ് എന്നീ പേരുകള്‍ കേരളത്തില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പ്ലീനറിയില്‍ പ്രവര്‍ത്തക സമിതിയിലേക്ക് മത്സരമുണ്ടാവുകയാണെങ്കില്‍ മത്സരിച്ചേനെയെന്ന് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയിരുന്നു.
അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങിളില്‍ തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ ചെന്നിത്തലയെ പുറത്തുനിര്‍ത്താന്‍ ഒരുപക്ഷേ ഖാര്‍ഗെ തയ്യാറായേക്കില്ല.
Content Highlights: congress working committee mallikarjun kharge kc venugopal shashi tharoor priyanka gandhi new team