‘പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ’; സ്റ്റാലിനെ ചേർത്തുപിടിച്ച് അഖിലേഷ് യാദവ്

#ന്യൂസ് ഡെസ്ക്
അഖിലേഷ് യാദവ് എക്സിൽ പങ്കുവെച്ച ചിത്രം | Photo: 'X' @yadavakhilesh
അഖിലേഷ് യാദവ് എക്സിൽ പങ്കുവെച്ച ചിത്രം | Photo: 'X' @yadavakhilesh

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ രൂക്ഷ വിമർശവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മമത ബാനർജിക്കും എം.കെ. സ്റ്റാലിനുമൊപ്പമുള്ള ചിത്രം എക്‌സിൽ പങ്കുവെച്ച അദ്ദേഹം, ‘പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ’ എന്ന് കുറിച്ചത് കോൺഗ്രസിനുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ഇപ്പോൾ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്.

വിഷയത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡിഎംകെ, ദേശീയ തലത്തിലുള്ള ഇന്ത്യ സഖ്യം അവസാനിച്ചതായി പ്രഖ്യാപിച്ചു. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഡിഎംകെ എംഎൽഎമാരുടെ യോഗത്തിൽ കോൺഗ്രസിന്റെ നിലപാടിനെ ശക്തമായി അപലപിച്ചുകൊണ്ട് നാല് പ്രമേയങ്ങൾ പാസാക്കി.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തമിഴ്‌നാട്ടിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത 'തൂക്കുമന്ത്രിസഭ' എന്ന സാഹചര്യമാണ് നിലവിലുള്ളത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് വിജയ്‌ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ പാടേ മാറിമറിഞ്ഞു. തമിഴ് രാഷ്ട്രീയത്തിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ പുനർക്രമീകരണമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

അതിനിടെ, സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള വിജയ്‌യുടെ അവകാശവാദം തമിഴ്‌നാട് ഗവർണർ രാജേന്ദ്ര അർലേക്കർ വീണ്ടും തള്ളിക്കളഞ്ഞു. രാജ്ഭവനിലെത്തി ഗവർണറെ കണ്ട വിജയ്‌യോട് 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷം മാത്രം വരാനാണ് ഗവർണർ നിർദ്ദേശിച്ചത്.

Content Highlights: Akhilesh Yadav slams Congress for ditching DMK to support Vijay's TVK in Tamil Nadu.