കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ മമതയോട് സോണിയ, പിന്നാലെ രാഹുൽ-അഭിഷേക് കൂടിക്കാഴ്ച; ലയനചർച്ചകളോ?

#ന്യൂസ് ഡെസ്‌ക്
സോണിയാ ഗാന്ധി, മമതാ ബാനർജി | Photo: ANI
സോണിയാ ഗാന്ധി, മമതാ ബാനർജി | Photo: ANI

ന്യൂഡൽഹി: കോൺഗ്രസിനോടു ചേർന്ന് പ്രവർത്തിക്കാനും ബിജെപിക്കെതിരേ പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്താനും ടിഎംസി നേതാവ് മമതാ ബാനർജിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ചൊവ്വാഴ്ച സോണിയയുടെ ജൻപഥിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം മമതയോട് ആവശ്യപ്പെട്ടതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ഇന്ത്യാസഖ്യ നേതാക്കൾ തിങ്കളാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും സോണിയ-മമത കൂടിക്കാഴ്ച നടന്നത്. ബുധനാഴ്ച മമതയുടെ അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടിഎംസി നേതാക്കൾ കോൺഗ്രസ് നേതാക്കളുമായി തുടരെത്തുടരെ കൂടിക്കാഴ്ചകൾ നടത്തിയതിന് പിന്നാലെ ടിഎംസി കോൺഗ്രസിൽ ലയിക്കാനൊരുങ്ങുന്നെന്ന ഊഹാപോഹം പ്രചരിച്ചു തുടങ്ങിയിട്ടുമുണ്ട്. 

അതേസമയം, ബിജെപിക്കെതിരായ വലിയ പോരാട്ടത്തിൽ, പ്രതിപക്ഷസഖ്യത്തിനുള്ളിൽ കോൺഗ്രസുമായി ചേർന്ന് രാഷ്ട്രീയമായി പ്രവർത്തിക്കാനാണ് ടിഎംസിയോട് സോണിയ ആവശ്യപ്പെട്ടതതെന്നും അല്ലാതെ ഇരുപാർട്ടികളും തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള ലയനത്തെക്കുറിച്ചല്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

രാഹുലിന്റെ ജൻപഥിലെ വസതിയിലായിരുന്നു അഭിഷേക് ബാനർജിയുമായുള്ള കൂടിക്കാഴ്ച നടന്നത്. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും 2029-ലെ പൊതു തിരഞ്ഞെടുപ്പിൽ സംയുക്ത തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ചർച്ചയെന്നാണ് വിവരം.

അതേസമയം, കോൺഗ്രസിൽ ലയിക്കാനുള്ള ചർച്ചകൾ നടക്കുന്നെന്ന വാർത്തകളെ ടിഎംസി വൃത്തങ്ങൾ തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഈയടുത്ത് നടന്ന ചർച്ചകളെല്ലാം ഇന്ത്യാസഖ്യത്തിന്റെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്നും അവർ വ്യക്തമാക്കി.

ഉൾപ്പാർട്ടി കലാപത്തിനും വിമതരുടെ കലഹത്തിനും പിന്നാലെ തകർന്നടിഞ്ഞ അവസ്ഥയിലാണ് ടിഎംസി. ഒന്നിനുപിറകേ ഒന്നെന്ന നിലയ്ക്ക് എംപിമാർ വിമതരുടെ പക്ഷത്തേക്ക് ചായുകയുമാണ്. 

Content Highlights: Sonia Gandhi requests Mamata Banerjee to collaborate against BJP, Congress clarifies no merger plans between TMC and Congress, Rahul Gandhi and Abhishek Banerjee discuss 2029 election strategy, TMC leadership faces internal instability and dissent, Focus remains on strengthening the INDIA alliance