അജൻഡ വനിതാസംവരണമല്ല മോദി സംരക്ഷണം; സഹകരണം തേടിയുള്ള അഭ്യർഥന നാടകമെന്നും കോൺഗ്രസ്

ന്യൂഡൽഹി: മണ്ഡലപുനർനിർണയവുമായി ബന്ധപ്പെട്ട വനിതാസംവരണ ഭേദഗതി ബില്ലിൽ പ്രതിപക്ഷപാർട്ടികളുടെ സഹകരണം തേടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന നാടകമെന്ന് കോൺഗ്രസ്. വനിതാസംവരണം നടപ്പാക്കുകയല്ല മറിച്ച് മോദിയെ സംരക്ഷിക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷ് പരിഹസിച്ചു.
ചെങ്കോട്ടയിൽ പ്രഭാഷണം നടത്തുന്നതിനു പകരം ലോക്സഭയുടെ നിലവിലുള്ള അംഗബലത്തിന്റെ അടിസ്ഥാനത്തിൽ വനിതാസംവരണം നടപ്പാക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. സ്ത്രീകൾക്ക് പഞ്ചായത്തുകൾ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിൽ മൂന്നിൽ ഒന്ന് സംവരണം ഉറപ്പാക്കിക്കൊണ്ട് 1993-ൽ തന്നെ 73, 74 ഭരണഘടനഭേദഗതികൾ പാസാക്കിയിരുന്നു.
2023 സെപ്റ്റംബറിൽ നാരീശക്തിവന്ദൻ അധിനിയം ഐകകണ്ഠ്യേന പാസാക്കിയിരുന്നു. നിലവിലെ ലോക്സഭയുടെ അംഗബലമായ 543-ന്റെ അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കണമെന്നാണ് കോൺഗ്രസ് എടുത്ത നിലപാട്. അങ്ങനെയെങ്കിൽ 182 സീറ്റുകളിൽ സ്ത്രീകൾക്ക് സംവരണം ലഭിക്കുമായിരുന്നു.
എന്നാൽ, മണ്ഡലപുനർനിർണയ വിഷയം പാർലമെന്റിൽ ചർച്ച ചെയ്തുകൊണ്ടിരിക്കേ കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി 11-ന് പൊടുന്നനെ നാരീശക്തിവന്ദൻ അധിനിയം 2023 വിജ്ഞാപനം ചെയ്യുകയായിരുന്നു. വനിതാസംവരണത്തെ മണ്ഡലപുനഃസംഘടനയുമായി ബന്ധിപ്പിക്കുന്നതിൽമാത്രമാണ് സർക്കാരിന് താത്പര്യം- ജയറാം രമേഷ് കുറ്റപ്പെടുത്തി.
Content Highlights: Congress General Secretary Jairam Ramesh termed PM Narendra Modi's appeal for opposition cooperation on the Women's Reservation Bill a 'drama', urging the immediate implementation of 33 percent reservation based on the current Lok Sabha strength.