പുനഃസംഘടനാവർഷം അവസാനിക്കാൻ ഒരു ദിനം ബാക്കി; മാറ്റത്തിനായി കോൺഗ്രസിൽ നിലക്കാത്ത മുറവിളി

#പ്രകാശൻ പുതിയേട്ടി
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡൽഹി: സംഘടനയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് കൊണ്ടുവന്ന പുനഃസംഘടനാവർഷം അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കുമ്പോഴും താഴെത്തട്ടുമുതൽ പുനഃസംഘടന വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ്.

2025 സംഘടൻ സൃജൻ അഭിയാൻ (സംഘടനാപരിഷ്‌കരണ യജ്ഞം) വർഷമായി പ്രഖ്യാപിച്ചിരുന്നു. പുനഃസംഘടന ആവശ്യം പ്രവർത്തകസമിതിയിലടക്കം ഉയർന്നു. കഴിഞ്ഞദിവസം മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്, ആർഎസ്എസിന്റെ സംഘടനാ ശക്തിയെ പുകഴ്ത്തിയതും കോൺഗ്രസിന്റെ ദൗർബല്യത്തെ വിമർശിച്ചതും പുനഃസംഘടന ലക്ഷ്യംവെച്ചാണ്.

ഒഡിഷയിലെ മുൻ എംഎൽഎ മുഹമ്മദ് മോക്കിമും സംഘടനാദൗർബല്യം ചൂണ്ടിക്കാട്ടി സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു. രാജ്യത്തെ 65 ശതമാനം ജനങ്ങളും 35 വയസ്സിൽ താഴെയുള്ളവരാണെന്നും ഇവരുടെ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കാൻ എൺപത്തിമൂന്നുകാരനായ ഖാർഗെക്കാവുന്നില്ലെന്നുമായിരുന്നു മോക്കിമിന്റെ ആരോപണം.

ജ്യോതിരാദിത്യ സിന്ധ്യ, ജയ്‌വീർ ഷെർഗിൽ, മിലിന്ദ് ദിയോറ, ഹിമന്ത ബിശ്വ ശർമ തുടങ്ങിയ യുവനേതാക്കൾ അവഗണനകാരണം പാർട്ടിവിട്ടത് ചൂണ്ടിക്കാട്ടിയ മോക്കിം, യുവാക്കൾ പ്രിയങ്കാഗാന്ധിക്ക് പ്രധാനപദവി നൽകുന്നത് കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു.

ഒഡിഷയിലടക്കം രാജ്യമെങ്ങും പാർട്ടി താഴെത്തട്ടിലില്ലെന്നും യുവനേതാക്കളെയെല്ലാം അകറ്റുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും വിമർശിച്ചതിനുപിന്നാലെ അദ്ദേഹത്തെ പാർട്ടി പുറത്താക്കി. ഒഡിഷയിൽ 2019-ൽ 35 വർഷത്തിനുശേഷം ബാരാബതി-കട്ടക്ക് മണ്ഡലം കോൺഗ്രസിനായി തിരിച്ചുപിടിച്ച വ്യക്തിയായിരുന്നു മോക്കിം.

നേതാക്കളായ ശശി തരൂർ, മനീഷ് തിവാരി, ആനന്ദ് ശർമ, സൽമാൻ ഖുർഷിദ്, പി. ചിദംബരം, കാർത്തി ചിദംബരം തുടങ്ങിയവരെല്ലാം പുനഃസംഘടന പേരിനുമാത്രമാണ് നടക്കുന്നതെന്ന പക്ഷക്കാരാണ്.

2019 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങിയതോടെയാണ് പുനഃസംഘടന ചർച്ചയാവുന്നത്. 2024 ഡിസംബറിൽ ബെലഗാവിയിൽനടന്ന പ്രവർത്തകസമിതി യോഗത്തിൽ 2025 പുനഃസംഘടനാവർഷമായി തീരുമാനിച്ചു. സംഘടൻ സൃജൻ അഭിയാൻ എന്ന പദ്ധതി 2025 ഏപ്രിലിൽനടന്ന അഹമ്മദാബാദ് പ്രവർത്തകസമിതി യോഗത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ എഴുനൂറോളം ഡിസിസികളെ പുനഃസംഘടിപ്പിക്കാനും വാർഡ് തലംമുതൽ കമ്മിറ്റിയുണ്ടാക്കാനുമായിരുന്നു പദ്ധതി.

എന്നാൽ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, ഹരിയാണ, ഝാർഖണ്ഡ്, ഒഡിഷ, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലായി 280-ഓളം ഡിസിസികളാണ് ഇതുവരെ പുനഃസംഘടിപ്പിച്ചത്. കേരളത്തിൽ ഡിസിസി മാറ്റം പ്രഖ്യാപിച്ചെങ്കിലും ചില്ലറ മാറ്റങ്ങളിലൊതുങ്ങി. ഇതാണ് ദിഗ്വിജയ് സിങ് ഉന്നയിച്ചത്.

Content Highlights: As Congress`s restructuring year nears its end, internal voices demand more fundamental organizational change. Explore the calls for reform and their implications for the party`s future.