'അവർ പാകിസ്താന്റെ കയ്യിലെ കളിപ്പാവകൾ'; ജമ്മു കശ്മീരിലെ കോൺഗ്രസ്-നാഷണൽ കോൺഫറന്‍സ് സഖ്യത്തിനെതിരെ BJP

ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി. അവര്‍ പാകിസ്താന്റെ കയ്യിലെ കളിപ്പാവകളാണെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഘ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആരോപിച്ചു.
'കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ ദുഷ്ടലാക്കോടെയുള്ള പദ്ധതികളെ കുറിച്ച് ജമ്മു കശ്മീരിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. അവര്‍ പാകിസ്താന്റെ കയ്യിലെ കളിപ്പാവകളാണ്. കശ്മീരിന്റെ സമൃദ്ധിയ്ക്കുവേണ്ടി നരേന്ദ്രമോദി നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുക എന്നതാണ് പാകിസ്താന്റെ ഐ.എസ്.ഐയുമായി ബന്ധമുള്ള ഈ സഖ്യത്തിന്റെ ഏക അജണ്ട.' -തരുണ്‍ ചുഘ് ആരോപിച്ചു.
ജമ്മു കശ്മീരിന്റെ സ്വയം ഭരണത്തിനായി മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും അദ്ദേഹത്തിന്റെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും പാകിസ്താനുമായി ചര്‍ച്ച നടത്തിയെന്ന് തരുണ്‍ ചുഘ് ആരോപിച്ചു. പുതിയ സഖ്യം ജമ്മു കശ്മീരില്‍ ഭീകരവാദത്തെ തിരികെ കൊണ്ടുവരും. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രഖ്യാപനത്തേയും ചുഘ് വിമര്‍ശിച്ചു.
ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരണമെന്ന് ജമ്മു കശ്മീരിലെ ആരും ആഗ്രഹിക്കുന്നില്ല എന്നാണ് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞത്. ജമ്മു കശ്മീർ സമാധാനപരമായാണ് മുന്നോട്ടുപോകുന്നത്. പ്രത്യേക പദവി നീക്കം ചെയ്ത് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ വികസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014-ലാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് പൂര്‍ണ സംസ്ഥാനപദവിയുണ്ടായിരുന്ന ജമ്മു കശ്മീരില്‍ ബി.ജെ.പി. 25 സീറ്റുകളിലാണ് വിജയിച്ചത്. 28 സീറ്റുകളില്‍ വിജയിച്ച പി.ഡി.പിയുമായി കൈകോര്‍ത്താണ് ബി.ജെ.പി. അന്ന് ജമ്മു കശ്മീര്‍ ഭരിച്ചത്.
നിലവില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.
Content Highlights: National Conference - Congress alliance in Jammu Kashmir playing into hands of Pakistan, says BJP