വിബി ജി റാം ജി നിയമം പിൻവലിക്കണം; ഒന്നരമാസം നീളുന്ന ദേശീയപ്രക്ഷോഭത്തിന് കോൺഗ്രസ്

ന്യൂഡൽഹി: പുതിയ വിബി ജി റാം ജി നിയമം പിൻവലിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുയർത്തി ഒന്നരമാസം നീളുന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന് കോൺഗ്രസ്. ജനുവരി എട്ടിനുതുടങ്ങി ഫെബ്രുവരി 25-ന് അവസാനിക്കുന്നതരത്തിലാണ് ‘എംജിഎൻആർഇജിഎ (മൻരേഗ) ബചാവോ സംഗ്രാം’ സമരമെന്ന് എഐസിസി ജനറൽസെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ജയറാം രമേശും പത്രസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് മുൻകൈയെടുത്ത സമരമാണെങ്കിലും പ്രതിപക്ഷകക്ഷികളെയാകെ സഹകരിപ്പിക്കാനാണ് തീരുമാനമെന്ന് നേതാക്കൾ വ്യക്തമാക്കി. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്കുശേഷം കോൺഗ്രസിന്റെ നീണ്ട പ്രക്ഷോഭപരിപാടിയാണിത്.
ലോകത്തെത്തന്നെ ഏറ്റവും വലിയ ദാരിദ്ര്യനിർമാർജനപദ്ധതിയെ ഇല്ലാതാക്കി എല്ലാം കേന്ദ്രത്തിന്റെ അധികാരപരിധിയിലേക്ക് കൊണ്ടുപോകുന്നതാണ് പുതിയനിയമമെന്ന് നേതാക്കൾ പറഞ്ഞു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ സംസ്ഥാനഖജനാവിന് 4000 കോടിയുടെ അധികബാധ്യതയാണ് ഇത് വരുത്തുക. മൂന്നുവർഷത്തിനകം മുഴുവൻ ജില്ലയിലേക്കും തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കാൻ പഴയ നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നെങ്കിൽ പുതിയ നിയമത്തിൽ അതില്ല. പുതിയ നിയമത്തെ ചെറുക്കാനാവശ്യമായ എല്ലാസാധ്യതകളും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ആരായുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
സമരപരിപാടികൾ ഇങ്ങനെ
* ജനുവരി എട്ട്: മൻരേഗ ബചാവോ സംഗ്രാമിന്റെ തയ്യാറെടുപ്പുകൾക്കായി പിസിസികളുടെ യോഗം. സംസ്ഥാനചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറിമാരും മുതിർന്നനേതാക്കളുമടക്കം പങ്കെടുക്കും
* 11: ജില്ലാ ആസ്ഥാനങ്ങളിലോ ഗാന്ധി/അംബേദ്കർ പ്രതിമകളുടെ മുന്നിലോ നേതാക്കളുടെയും തൊഴിലാളികളുടെയും ഏകദിന ഉപവാസം
* ജനുവരി 12 മുതൽ 30 വരെ: ഗ്രാമപ്പഞ്ചായത്തുകൾതോറും പഞ്ചായത്തുതല യോഗങ്ങൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി എന്നിവരുടെ കത്തുകൾ വിതരണംചെയ്യും
* ജനുവരി 31 മുതൽ ഫെബ്രുവരി ആറുവരെ: കളക്ടറേറ്റ്/ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിനുമുന്നിൽ ജില്ലാതല മൻരേഗ ബചാവോ ധർണകൾ
* ഏഴുമുതൽ 15 വരെ: നിയമസഭകൾക്കുമുന്നിൽ ഘരാവോ. മുഴുവൻ പിസിസി അംഗങ്ങളും പങ്കെടുക്കും
* 16 മുതൽ 25 വരെ: രാജ്യവ്യാപകമായി നാല് സോണൽതലങ്ങളിലായി എഐസിസിയുടെ മൻരേഗ ബചാവോ റാലികൾ
Content Highlights: Congress launches a nationwide protest against the new VB Ji Ram Ji law and to reinstate the MGNREGA scheme. Read about the `MGNREGA Bachao Sangram` and its demands.