മാറി മാറി മുഖ്യമന്ത്രിയാകാം; ഷിന്ദെയെയും അജിത് പവാറിനെയും ക്ഷണിച്ച് കോണ്‍ഗ്രസ്

ഏക്നാഥ് ഷിന്ദെയും അജിത് പവാറും | Photo: ANI
ഏക്നാഥ് ഷിന്ദെയും അജിത് പവാറും | Photo: ANI

മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാരിലെ ഭിന്നത മുതലെടുക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്. ഇടഞ്ഞു നില്‍ക്കുന്ന ഏക്‌നാഥ് ഷിന്ദെയെയും എന്‍സിപി അജിത് പവാര്‍ പക്ഷത്തേയും സഖ്യത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് ലക്ഷ്യമിടുന്നത്. ഏക്‌നാഥ് ഷിന്ദെയും അജിത് പവാറും കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ ഇരുവര്‍ക്കും തവണ വ്യവസ്ഥയില്‍ മുഖ്യമന്ത്രിയാകാമെന്ന് കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ വാഗ്ദാനം നല്‍കി.

മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന മഹായുതി സര്‍ക്കാരില്‍ കുറച്ചുനാളുകളായി തര്‍ക്കങ്ങളുണ്ട്. എന്‍സിപി അജിത് പവാര്‍ പക്ഷവും ശിവസേന ഷിന്ദെ വിഭാഗവും സഖ്യത്തില്‍ അസ്വസ്ഥരെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിന് പിന്നാലെയാണ് ഇരുപക്ഷത്തെയും തങ്ങളുടെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

'നിലവില്‍ സര്‍ക്കാരിലും സഖ്യത്തിലും അജിത് പവാറിന്റേയും ഏക്‌നാഥ് ഷിന്ദെയുടേയും അവസ്ഥ അത്ര നല്ലതല്ല. അവരവിടെ ശ്വാസംമുട്ടിയാണ് കഴിയുന്നത്. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പരിഹരിക്കും. ഇരുവരേയും ഞങ്ങള്‍ മുഖ്യമന്ത്രി ആക്കും. തവണ വ്യവസ്ഥയില്‍ ഞങ്ങള്‍ അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കും. ബിജെപി ഒരിക്കലും അവരെ മുഖ്യമന്ത്രിയാക്കാന്‍ പോകുന്നില്ല' - മഹാരാഷ്ട്ര പിസിസി മുന്‍ പ്രസിഡന്റ് പട്ടോലെ പറഞ്ഞു.

മുഖ്യമന്ത്രി ദേവേന്ദര്‍ ഫഡ്‌നവിസും ഷിന്ദെയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് പട്ടോലെയുടെ പ്രസ്താവന. മുന്‍ മഹായുതി സര്‍ക്കാര്‍ കാലത്ത്, ഷിന്ദെ മുഖ്യമന്ത്രി ആയിരിക്കെ ആരംഭിച്ച പല പദ്ധതികളും കഴിഞ്ഞ രണ്ടാഴ്ചകളിലായി ഫഡ്‌നവിസ് റദ്ദാക്കി വരുന്നതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. നാസിക്, റായ്ഗഡ് ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് കൈമാറുന്ന വിഷയത്തിലും ഷിന്ദെ അസ്വസ്ഥനാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് വിജയ് വാജെറ്റിവാറും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്തും പട്ടോളിന്റെ പ്രസ്താവനയെ പിന്തുണച്ചു.

അതേസമം പ്രസ്താവനയ്ക്ക് പിന്നാലെ പട്ടോളയെ മഹായുതി സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് മഹായുതി നേതാക്കളായ ഷിന്ദെ, ബിജെപി നേതാവ് ചന്ദ്രശേഖര്‍ ബവന്‍കുലെ തുടങ്ങിയവര്‍ രംഗത്തെത്തി.

Content Highlights: congress leaders make cm offer to sulking Shinde raut jumps in