40 കോൺഗ്രസ് സ്ഥാനാർഥികൾ ഇന്ന്; ഡൽഹിചർച്ച തുടരുന്നു, പ്രഖ്യാപനം പിന്നീട്

ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥിപ്പട്ടികയ്ക്ക് ബുധനാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പുസമിതി അംഗീകാരംനൽകും. 40 മണ്ഡലങ്ങളുണ്ടാവും. പ്രഖ്യാപനം പിന്നീടായിരിക്കും.
22 സിറ്റിങ് എം.എൽ.എ.മാരിൽ പാലക്കാട്ടും തൃപ്പൂണിത്തുറയിലും ഒഴികെ 20 പേരും മത്സരിക്കട്ടെ എന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം. എന്നാൽ, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി വീണ്ടും മത്സരിക്കുന്നത് ഹൈക്കമാൻഡിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും.
എൽദോസ് ഡൽഹിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള ഹൈക്കമാൻഡ് നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ചനടത്തിയിരുന്നു.
എം.പി.മാരായ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവർക്ക് മത്സരിക്കാൻ താത്പര്യമുണ്ടെങ്കിലും ഹൈക്കമാൻഡ് അനുമതി നൽകുമോയെന്ന് സംശയമാണ്. വട്ടിയൂർക്കാവ്-കെ മുരളീധരൻ, തൃത്താല-വി.ടി. ബൽറാം, മണലൂർ- ടി.എൻ. പ്രതാപൻ, കൊടുങ്ങല്ലൂർ-ഒ.കെ. ജനീഷ്, കോങ്ങാട്-കെ.എ. തുളസി, കോഴിക്കോട് നോർത്ത്-കെ. ജയന്ത്, കൊയിലാണ്ടി-പ്രവീൺ കുമാർ, പൊന്നാനി-നൗഷാദലി എന്നിങ്ങനെയാണ് എം.എൽ.എ.മാർ ഒഴികെ ഒറ്റപ്പേരുള്ള മറ്റുമണ്ഡലങ്ങൾ. ചൊവ്വാഴ്ച വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ കെ.സി. വേണുഗോപാലിന്റെ വസതിയിൽ ചർച്ചനടത്തി.
Content Highlights: Central Election Committee to finalize 40 candidate names., Decision to retain 20 out of 22 sitting MLAs., Special clearance required for Eldhose Kunnappilly in Perumbavoor., High-level discussions held between state leaders and AICC general secretary KC Venugopal.