'33% വനിതാസംവരണം ഉടൻ നടപ്പാക്കണം'; സോണിയാ ഗാന്ധിയും രാഹുലും എട്ടുവർഷംമുൻപ്‌ മോദിക്ക് കത്തെഴുതി

#ന്യൂസ് ഡെസ്ക്
സോണിയ ഗാന്ധി, രാഹുൽ ​ഗാന്ധി| Photo: PTI
സോണിയ ഗാന്ധി, രാഹുൽ ​ഗാന്ധി| Photo: PTI

ന്യൂഡൽഹി: സ്ത്രീകൾക്ക് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയും എട്ടുവർഷംമുൻപ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തുകൾ പുറത്തുവിട്ട് കോൺഗ്രസ്.

ഈ ആവശ്യം പരിഗണിക്കാതെ ‘ഉറങ്ങിക്കിടന്ന’ സർക്കാർ ഇപ്പോൾ മണ്ഡലപുനർനിർണയവുമായി ബന്ധപ്പെടുത്തി വനിതാസംവരണം പിന്നെയും വൈകിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സോണിയ 2017-ലും രാഹുൽ 2018-ലും മോദിക്കെഴുതിയ കത്തുകൾ എക്സിൽ പങ്കുവെച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്, വനിതാസംവരണത്തിന് തുടക്കംകുറിച്ചത് രാജീവ് ഗാന്ധിയാണെന്ന് ഓർമ്മിപ്പിച്ചു.

1989-ൽ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീസംവരണം കൊണ്ടുവരാൻ ആദ്യമായി ശ്രമിച്ചത് കോൺഗ്രസും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമാണെന്നും 1993-ൽ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ അത് നടപ്പായെന്നും സോണിയ കത്തിൽ ഓർമ്മിപ്പിച്ചു. രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷനായിരുന്നപ്പോൾ 2018 ജൂലായിലെഴുതിയ കത്തിലും വനിതാസംവരണ ബിൽ വരുന്ന വർഷകാലസമ്മേളനത്തിൽ പാസാക്കണമെന്ന് അഭ്യർഥിച്ചിരുന്നു.

2010 മാർച്ച് ഒൻപതിന് രാജ്യസഭ പാസാക്കിയ വനിതാസംവരണ ബിൽ ലോക്‌സഭയിൽ ഒന്നല്ലെങ്കിൽ മറ്റൊരു കാരണംപറഞ്ഞ് തടസ്സപ്പെട്ടിരിക്കയാണ്. ബി.ജെ.പി.യുടെ പിന്തുണയോടെ രാജ്യസഭയിൽ ബിൽ പാസായപ്പോൾ, അന്നത്തെ പ്രതിപക്ഷനേതാവ് അരുൺ ജെയ്‌റ്റ്‌ലി പറഞ്ഞത് ചരിത്രപരവും സുപ്രധാനവുമായ സംഭവം എന്നാണ്. കോൺഗ്രസ് ഇപ്പോഴും ബില്ലിനോടുള്ള പ്രതിബദ്ധതയിൽ അചഞ്ചലമായി നിൽക്കുമ്പോൾ, 2014-ലെ ബി.ജെ.പി. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നിട്ടും അവർക്ക് പുനരാലോചന വേണ്ടതായി തോന്നുന്നെന്ന് രാഹുൽ കത്തിൽ പറഞ്ഞു. നിലവിലെ ലോക്‌സഭാ സീറ്റുകളിൽത്തന്നെ സംവരണം നടപ്പാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

Content Highlights: Congress highlights historical demand for 33% women's quota., Criticism of the government for delaying implementation via delimitation., Reference to letters written by Sonia and Rahul Gandhi to PM Modi., Emphasis on Rajiv Gandhi's role in local body reservation initiatives., Demand to implement quotas in current Lok Sabha seats without further delay.