യു.എസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചു, ദൃശ്യം ദുഃഖകരമെന്ന് കോണ്‍ഗ്രസ്

അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് യു.എസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരുമായി സംസാരിക്കുന്ന പഞ്ചാബ് മന്ത്രി കുല്‍ദീപ് സിങ് | Photo: PTI
അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് യു.എസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരുമായി സംസാരിക്കുന്ന പഞ്ചാബ് മന്ത്രി കുല്‍ദീപ് സിങ് | Photo: PTI

ന്യൂഡല്‍ഹി/അമൃത്സര്‍: യു.എസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ദുഃഖകരമാണ്. 2013-ല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് മോശമായി പെരുമാറിയതിനെതിരേ അന്നത്തെ യു.പി.എ. സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചതിനാല്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേര പറഞ്ഞു.

എന്നാലിത് ആദ്യത്തെ സംഭവമല്ലെന്നും ബൈഡന്റെ കീഴിലും സമാനസംഭവമുണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവും എം.പി.യുമായ ശശി തരൂര്‍ പറഞ്ഞു. സൈനികവിമാനത്തില്‍ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാനിരുത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.

ബൈഡന്റെകീഴില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ (സെപ്റ്റംബര്‍ അവസാനിക്കുന്ന സമയം) 1100 ഇന്ത്യക്കാരെ നാടുകടത്തിയിരുന്നതായി തരൂര്‍ പറഞ്ഞു. 2022-ലെ കണക്കനുസരിച്ച് യു.എസില്‍ രേഖകളില്ലാത്ത 7,25,000 ഇന്ത്യന്‍ കുടിയേറ്റക്കാരുണ്ട്. 2020 ഒക്ടോബര്‍മുതല്‍ അനധികൃതമായി അതിര്‍ത്തികടക്കാന്‍ശ്രമിച്ച ഏകദേശം 1,70,000 ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവരെല്ലാം നാടുകടത്തലിന് വിധേയരായതായും തരൂര്‍ പറഞ്ഞു.

ഇതിനിടെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന യു.എസ്. തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് പഞ്ചാബ് എന്‍.ആര്‍.ഐ. മന്ത്രി കുല്‍ദീപ് സിങ് ധാലിവാള്‍, ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നല്‍കിയ വ്യക്തികളെ നാടുകടത്തുന്നതിനുപകരം സ്ഥിരതാമസം നല്‍കേണ്ടതായിരുന്നെന്ന് പറഞ്ഞു.

Content Highlights: Congress criticizes the US for handcuffing and deporting Indians