'ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നു, മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മ'; കൂടിക്കാഴ്ചയെ വിമർശിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന 'ന്യൂ നോര്‍മലി'നെ ചൈനയുടെ ഭീഷണിയായും മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയുമായാണ് കാണേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വിമര്‍ശിച്ചു.
ചൈനയുമായി അനുരഞ്ജനത്തിനുള്ള മോദി സര്‍ക്കാരിന്റെ നീക്കം അതിര്‍ത്തിയില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റത്തെ നിയമവിധേയമാക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന ചൈനീസ് കടന്നുകയറ്റം 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തു. എന്നിട്ടും, പ്രധാനമന്ത്രി മോദി 2020 ജൂണ്‍ 19-ന് ചൈനയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്ന് ജയ്‌റാം രമേശ് ആരോപിച്ചു.
ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ തല്‍സ്ഥിതി പുനഃസ്ഥാപിക്കാന്‍ കരസേനാ മേധാവി ആവശ്യപ്പെട്ടിട്ടും, അതില്‍ പരാജയപ്പെട്ട മോദി സര്‍ക്കാര്‍ ചൈനയുമായി അനുരഞ്ജനത്തിന് ശ്രമിക്കുകയാണെന്നും ഇത് ചൈനയുടെ അതിര്‍ത്തിയിലെ കടന്നുകയറ്റത്തെ നിയമവിധേയമാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ചൈന പാകിസ്താനുമായി ചേര്‍ന്നുനടത്തിയ 'ജുഗല്‍ബന്ദി' സംബന്ധിച്ച് 2025 ജൂലൈ നാലിന് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ സിങ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ 'അവിശുദ്ധ സഖ്യത്തിന്' മറുപടി നല്‍കുന്നതിന് പകരം, മോദി ചൈനാ സന്ദര്‍ശനം നടത്തി അതിനെ നിശ്ശബ്ദമായി അംഗീകരിച്ചിരിക്കുകയാണ്. യാര്‍ലുങ് സാങ്‌പോ നദിയില്‍ ചൈന പ്രഖ്യാപിച്ചിരിക്കുന്ന ഭീമന്‍ ജലവൈദ്യുത പദ്ധതി ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ഈ വിഷയത്തില്‍ മോദി സര്‍ക്കാര്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചൈനയില്‍ നിന്നുള്ള അനിയന്ത്രിതമായ ഇറക്കുമതി നമ്മുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ തകര്‍ക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചൈനീസ് ഇറക്കുമതിക്കാര്‍ക്ക് ഇന്ത്യയില്‍ വലിയ തോതില്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണെന്നും ജയ്‌റാം രമേശ് ആരോപിച്ചു.
ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രിസഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്നും മോദിയും ഷിയും ആവര്‍ത്തിച്ച് ഉറപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.
Content Highlights: Congress criticizes Modi government`s talks with China, citing Chinese aggression and Modi