വിദ്യാഭ്യാസമേഖലയിലെ ആർ.എസ്.എസ്. ഇടപെടൽ ചെറുക്കാൻ കോൺഗ്രസ്; കർമപദ്ധതി തയ്യാറാക്കും

ന്യൂഡൽഹി: വിദ്യാഭ്യാസമേഖലയിലൂടെ ആർ.എസ്.എസ്. ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ വിദ്യാഭ്യാസരംഗത്ത് മാതൃകയാക്കാനും ലക്ഷ്യമിട്ട് കോൺഗ്രസ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും വിദ്യാഭ്യാസ മന്ത്രിമാരുമായും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പ്രിയങ്കാഗാന്ധിയും കെ.സി. വേണുഗോപാലും ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽനിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും പങ്കെടുത്തു.
വിദ്യാഭ്യാസ വിദഗ്ധരുടെയും ബന്ധപ്പെട്ട മേഖലകളിലെ മറ്റു പങ്കാളികളുടെയും മാർഗനിർദേശത്തോടെ സംസ്ഥാനതല വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാനതല സെമിനാറുകളിൽനിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം സമഗ്രമായ പ്രവർത്തനപദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രിമാരോട് ഖാർഗെയും രാഹുലും ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വിദഗ്ധരെ ഉൾപ്പെടുത്തി ദേശീയതല സെമിനാറും സംഘടിപ്പിക്കും. സംസ്ഥാനതലത്തിൽ തയ്യാറാക്കുന്ന പദ്ധതികളെ ഏകോപിപ്പിക്കുകയും അവയുടെ നടപ്പാക്കലിനുള്ള മാർഗരേഖ തയ്യാറാക്കുകയും ചെയ്യുകയാണ് ദേശീയതല ചർച്ചയുടെ ലക്ഷ്യം.
വിദ്യാഭ്യാസ സംവിധാനത്തിലൂടെ ആർ.എസ്.എസിന്റെ ആശയങ്ങൾ യുവമനസ്സുകളിൽ സ്വാധീനം ചെലുത്തുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. വിദ്യാഭ്യാസരംഗത്തെ ഇത്തരം ഇടപെടലുകളെക്കുറിച്ച് മുഖ്യമന്ത്രിമാർ വിശദമായ അവതരണങ്ങൾ നടത്തണം.
Content Highlights: Congress plans to counter RSS ideology propagation through the education sector., Meeting chaired by Mallikarjun Kharge and Rahul Gandhi with CMs and education ministers of Congress-ruled states., Decision to organize state-level and national-level educational seminars., Comprehensive action plan to be prepared within a month based on seminar recommendations.