ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു- കേന്ദ്രത്തിനെതിരേ കോൺഗ്രസ്

ജയ്‌റാം രമേശ് | Photo: ANI
ജയ്‌റാം രമേശ് | Photo: ANI

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ രാഷ്ട്രീയ നേട്ടംകൊയ്യാനുള്ള നടപടിയാണ് കേന്ദ്ര സർക്കാരിന്റേതെന്ന് കോൺഗ്രസ്. പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നടപടിയിൽ ഐക്യദാർഢ്യത്തിന് ആഹ്വാനം ചെയ്തിട്ടും പ്രധാനമന്ത്രിയും ബിജെപിയും കോൺഗ്രസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്തുകയാണെന്നും കോൺഗ്രസ് നേതാവ് ജയ് റാം രമേശ് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് കൂടിക്കാഴ്ച നടത്തുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജയ്റാം രമേശിന്റെ കുറ്റപ്പെടുത്തൽ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ചചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭീകരതയ്ക്കെതിരായ പ്രചാരണത്തിന് വിദേശത്തേക്ക് പ്രതിനിധി സംഘങ്ങളെ അയയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണക്കുകയും ചെയ്തു.

'പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, പ്രധാനമന്ത്രി തയ്യാറായില്ല. ഇപ്പോൾ പെട്ടെന്ന് പാകിസ്താനിൽ നിന്നുള്ള ഭീകരതയ്ക്കെതിരായ പ്രചാരണത്തിന് പ്രധാനമന്ത്രി പ്രതിനിധി സംഘത്തെ വിദേശത്തേക്കയക്കുകയാണ്. കോൺഗ്രസ് എപ്പോഴും ദേശീയ താത്പര്യത്തിൽ നിലപാട് സ്വീകരിച്ചുവരുന്നു. ബിജെപി ചെയ്യുന്നതുപോലെ ദേശീയ സുരക്ഷാ വിഷയങ്ങളെ ഒരിക്കലും രാഷ്ട്രീയവത്കരിക്കില്ല. അതിനാൽ തന്നെ, കോൺഗ്രസ് പ്രതിനിധി സംഘങ്ങളുടെ ഭാഗമായിരിക്കും', അദ്ദേഹം കൂട്ടിച്ചേർത്തു. 

പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്ച വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധിസംഘത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും കേന്ദ്രം ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്ററി പാനലിന്റെ തലവന്‍ കൂടിയായ ശശി തരൂര്‍ പ്രതിനിധി സംഘത്തെ നയിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.

Content Highlights: Congress alleges BJP`s Operation Sindhu is for political gain