പ്രതിനിധിസംഘത്തിന്‍റെ വിശദീകരണത്തില്‍ വിശ്വാസം; നിലപാട് മാറ്റി കൊളംബിയ, പിന്തുണ ഇന്ത്യയ്ക്ക്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്താന്‍കാര്‍ക്കായി അനുശോചനമറിയിച്ച കൊളംബിയയുടെ നിലപാടിലുള്ള ഇന്ത്യയുടെ നിരാശ നേരിട്ട് വ്യക്തമാക്കിയതിനുപിന്നാലെ തങ്ങളുടെ പാക് അനുകൂല പ്രസ്താവനയില്‍ മാറ്റം വരുത്താനൊരുങ്ങി കൊളംബിയ. കൊളംബിയയിലെത്തിയ സര്‍വകക്ഷിപ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇന്ത്യയുടെ നിരാശ അറിയിച്ചതിനുപിന്നാലെയാണ് പ്രസ്താവന തിരുത്തി ഇന്ത്യയ്ക്ക് പിന്തുണ നല്‍കാന്‍ കൊളംബിയ ഒരുങ്ങുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.
കൊളംബിയയുടെ നിലപാടിലുണ്ടായ മാറ്റത്തെ കുറിച്ച് യുഎസിലേക്കുള്ള ഇന്ത്യയുടെ മുന്‍ അംബാസഡറും ബിജെപി നേതാവുമായ തരണ്‍ജീത് സിങ് സന്ധുവും വ്യക്തമാക്കി. കൊളംബിയയുടെ ആക്ടിങ് ഫോറിന്‍ മിനിസ്റ്ററുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തുകയും കൊളംബിയയുടെ ശ്രദ്ധയില്‍പ്പെടാത്ത വിഷയങ്ങളുള്‍പ്പെടെ അവതരിപ്പിക്കുകയും ചെയ്തതായും. കൊളംബിയ താമസിയാതെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയില്‍ അംഗമാകുമെന്നതാണ് ആ രാജ്യത്തെ സംബന്ധിച്ച നിലവിലെ പ്രധാനകാര്യമെന്നും എഎന്‍ഐയോട് സന്ധു പറഞ്ഞു.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വിശദീകരണത്തില്‍ പാകിസ്താനെതിരേ ആക്രമണത്തിന് ഇന്ത്യ മുതിര്‍ന്നതിലുള്ള വാസ്തവസ്ഥിതി മനസ്സിലാക്കാനായതായും ഇന്ത്യയുമായുള്ള ചര്‍ച്ച തുടരുന്നതില്‍ പൂര്‍ണ വിശ്വാസമുള്ളതായും കൊളംബിയയുടെ വിദേശകാര്യ സഹമന്ത്രി റോസ യൊലാന്‍ഡ വില്ലവിസെന്‍സിയോ പ്രതികരിച്ചു.
Content Highlights: India`s disappointment over Colombia`s initial condolences for Pakistan now supporting India