‘നിങ്ങൾ ആദിത്യനാഥ് ആകാൻ നോക്കേണ്ട’; ഫട്നാവിസിനെതിരേ ദീപ്കെ; സമരം പൊളിക്കാൻ ശ്രമം നടക്കുന്നെന്നും ആരോപണം

ഛത്രപതി സംഭാജിനഗർ: ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രവർത്തകർ യാത്രചെയ്യുന്നത് തടയാൻ ചന്ദ്രപൂർ പോലീസ് നോട്ടീസ് നൽകിയ നടപടിയെ ചോദ്യം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. വിഷയത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. മാർച്ച് തടയാൽ മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പോലീസ് ശ്രമിക്കുകയാണെന്നും ദീപ്കം ആരോപിച്ചു.
‘ഫഡ്‌നാവിസ്, താങ്കൾ എന്തിനാണ് യോഗി ആദിത്യനാഥ് ആകാൻ ശ്രമിക്കുന്നത്? ഇത് മഹാരാഷ്ട്രയാണ്’, അദ്ദേഹം പറഞ്ഞു. സമരത്തിനായുള്ള ഫണ്ടിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്നും അക്രമസാധ്യത മുൻനിർത്തി പ്രതിഷേധവുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്നും പോലീസിന്റെ നോട്ടീസിൽ പറയുന്നുണ്ടെന്ന് ദിപ്കെ വ്യക്തമാക്കി.
‘പ്രതിഷേധം അക്രമാസക്തമാകുമെന്ന് ചന്ദ്രപൂർ പോലീസിന് എങ്ങനെ അറിയാം? ജന്തർ മന്തർ ചന്ദ്രപൂരിന്റെ പരിധിയിലാണോ സ്ഥിതിചെയ്യുന്നത്?’ എന്ന് ഛത്രപതി സംഭാജിനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.
ഇത്തരത്തിലുള്ള നോട്ടീസുകൾ മഹാരാഷ്ട്ര പോലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയാണെന്നും അവർ ഡൽഹി പോലീസിനെപ്പോലെ പ്രവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും വോളന്റിയർമാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ദിപ്കെ പറഞ്ഞു. ‘എന്റെ സഹപ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നതിന് പകരം എന്നെ അറസ്റ്റ് ചെയ്യൂ... എനിക്കെതിരെ ഏത് നിയമം വേണമെങ്കിലും ചുമത്താം, പക്ഷേ എന്റെ സഹപ്രവർത്തകരെ ഉപദ്രവിക്കരുത്’, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജന്തർ മന്തർ സമരം തകർക്കാൻ മഹാരാഷ്ട്ര, രാജസ്ഥാൻ പോലീസ് ശ്രമിക്കുകയാണെന്നും അഭിജിത് ദീപ്‌കെ ആരോപിച്ചിരുന്നു. ജന്തർമന്തർ സമരത്തിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ചന്ദ്രാപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സിജെപി വോളണ്ടിയർമാർക്ക് പോലീസ് നോട്ടീസ് നൽകിയതായി ദീപ്കെ ആരോപിച്ചു. പങ്കെടുത്താൽ നടപടി ഉണ്ടാകുമെന്നും ആരാണ് സാന്പത്തിക സഹായം നൽകുന്നതെന്ന് വ്യക്തമാക്കണമെന്നും പോലീസ് നോട്ടീസിൽ ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. നോട്ടീസിന്റെ പകർപ്പും അദ്ദേഹം പുറത്തുവിട്ടു. രാജസ്ഥാനിലെ സിഐഡിയും ഇത്തരത്തിലുള്ള നോട്ടീസുകൾ നൽകിയതായും അഭിജീത് ദീപ്കെ ആരോപിച്ചു.
'മഹാരാഷ്ട്ര പോലീസ് സി.ജെ.പി വോളണ്ടിയർമാർക്ക് ഡെല്ലി യാത്രാച്ചെലവുകൾ ചോദിച്ച് നോട്ടീസ് അയക്കുകയും സമരം അക്രമപരമായി മാറിയേക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവർക്ക് എങ്ങനെയാണ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കാൻ കഴിയുന്നത്? ഞങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തെ തടസ്സപ്പെടുത്താൻ എന്തെങ്കിലും ഇതിനകം അവർ ആസൂത്രണം ചെയ്യുന്നുണ്ടോ? പൗരന്മാരുടെ സുരക്ഷയേക്കാളും ഭദ്രതയേക്കാളും പ്രധാനമാണോ ഗ്യാനുവിനെ സംരക്ഷിക്കുന്നത്?’ ദീപ്കെ എക്സിൽ ചോദിച്ചു.