എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; കേസ് പഴയ ബെഞ്ചിലേക്ക്, സ്റ്റേ ഇല്ല

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | ഡൽഹി ഹൈക്കോടതി | ചിത്രം: പിടിഐ
പ്രതീകാത്മകചിത്രം | ഡൽഹി ഹൈക്കോടതി | ചിത്രം: പിടിഐ

ന്യൂഡല്‍ഹി: എക്സാലോജിക്- സിഎംആര്‍എല്‍ കേസിലെ ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി ഡല്‍ഹി ഹൈക്കോടതി. സി.എം.ആര്‍.എല്ലിന്റെ ആവശ്യപ്രകാരമാണ് ബെഞ്ച് മാറ്റം. കേസ് ആദ്യം പരിഗണിച്ചിരുന്നത് ജസ്റ്റിസ് സുബ്രഹ്‌മണ്യ പ്രസാദിന്റെ ബെഞ്ചായിരുന്നു. ഈ ബെഞ്ചിലേക്കാണ് കേസ് വീണ്ടും മാറ്റിയിരിക്കുന്നത്. കേസ് ആദ്യം പരിഗണിച്ചിരുന്ന സുബ്രഹ്‌മണ്യ പ്രസാദിന്റെ ബെഞ്ചില്‍ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സിഎംആര്‍എല്ലിന് വേണ്ടി ഹാജരായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി അന്ന് വിസമ്മതിച്ചിരുന്നു. 

കേസ് അന്വേഷിക്കുന്ന എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല എന്ന് വാക്കാല്‍ ഉറപ്പുനല്‍കിയിരുന്നുവെന്നാണ് കപില്‍ സിബല്‍ ഇന്ന് കോടതിയില്‍ വാദിച്ചത്. ഈ സാഹചര്യത്തില്‍ എസ്എഫ്ഐഒയുടെ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ഇന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഇത്തരമൊരു ഉറപ്പിന്റെ കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ല എന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേസ് ആദ്യം പരിഗണിച്ചിരുന്ന ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് കത്പാലിയ കേസ് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് കത്പാലിയ അഭ്യര്‍ഥിക്കുകയും ചെയ്തു.

വരുന്ന ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ വാക്കാലോ അല്ലാതെയോ ഇത്തരമൊരു ഉറപ്പ് നല്‍കിയിട്ടില്ല എന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. വാക്ക് നല്‍കി എന്ന് പറയുന്ന സമയത്ത് താനല്ല കോടതിയില്‍ ഹാജരായിരുന്നതെന്നും എസ്.വി രാജു കോടതിയെ അറിയിച്ചു. എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു ഇതുവരെ ഹാജരായിരുന്നത്. ഇന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ഹാജരായി. 

വാദം ആരംഭിച്ച സമയത്ത്, അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടുണ്ടോ എന്ന് എസ്എഫ്‌ഐഒയോട് കോടതി ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായി, റിപ്പോര്‍ട്ട് ഹാജരാക്കിയെന്ന് എസ്എഫ്‌ഐഒ ഔദ്യോഗികമായി വ്യക്തമാക്കി. എന്നാല്‍ റിപ്പോര്‍ട്ടിന് നമ്പരുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇട്ടിട്ടില്ലെന്ന് സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ ധരിപ്പിച്ചു. അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കില്ലെന്ന വാക്കാലുള്ള ഉറപ്പ് എസ്എഫ്‌ഐഒ നല്‍കിയിരുന്നോ ഇല്ലയോ എന്ന തര്‍ക്കമാണ് ഇപ്പോള്‍ കേസില്‍ നടക്കുന്നത്. 

ഇനി കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് അക്കാര്യത്തിലാണ് ആദ്യം തീരുമാനമെടുക്കുക. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് അവസാനം ഈ കേസ് പരിഗണച്ചത് കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ്. അന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യില്ല എന്നുള്ള ഉറപ്പ് നല്‍കിയത് എന്നാണ് സിഎംആര്‍എല്ലിന്റെ വാദം. തൊട്ടടുത്ത ദിവസം ഇറങ്ങിയ മാധ്യമങ്ങളിലെല്ലാം തന്നെ ആ വാര്‍ത്ത ഉണ്ടായിരുന്നുവെന്നും കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. 

Content Highlights: cmrl exalogic case will be considered by justice subramonium prasad bench in delhi high court