അന്വേഷണം തടയരുതെന്ന് സംസ്ഥാന സർക്കാർ; ഇപ്പോൾ നിങ്ങൾക്ക് തിടുക്കമായോ എന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനെയും ഇ.ഡി.യെയും ചോദ്യംചെയ്ത് സുപ്രീംകോടതി. അന്വേഷണം സ്റ്റേചെയ്യരുതെന്നു പറഞ്ഞ സംസ്ഥാന സർക്കാരിനോട് 'ഇപ്പോൾ നിങ്ങൾക്ക് തിടുക്കമായോ' എന്ന് സുപ്രീംകോടതി ചോദിച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരേ എന്തുകൊണ്ട് സർക്കാർ അപ്പീൽ നൽകിയില്ലെന്നും ആരാഞ്ഞു. മറ്റ് അന്വേഷണ ഏജൻസികളുടെ കാര്യത്തിൽ കടന്നുകയറേണ്ടതില്ലെന്ന് ഇ.ഡി.ക്കും മുന്നറിയിപ്പുനൽകി.
പിണറായി വിജയനുവേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര: പിണറായിയെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. ഡിവിഷൻ ബെഞ്ച് അപ്പീലിന് അനുമതിയും നൽകിയില്ല. എഫ്.ഐ.ആർ. ഫയൽചെയ്തുകഴിഞ്ഞു, 82-കാരനാണ്...
ജസ്റ്റിസ് വി. മോഹന: വയസ്സിന്റെ കാര്യം വിടാം, പക്ഷേ അവരെയും കേൾക്കേണ്ടതായിരുന്നു.
ലൂത്ര: ഇ.ഡി. ശുപാർശയിൽ കേസെടുക്കാൻ ബാധ്യതയുണ്ടോ എന്നതാണ് ആദ്യ പ്രശ്നം. സിംഗിൾ ബെഞ്ച് ജഡ്ജിതന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് പറയുന്നത്. നിർബന്ധമാണെന്ന് ഒരു ഖണ്ഡികയിൽ പറയുന്നു. വസ്തുതകളിൽ പരിശോധന ആവശ്യമാണെന്ന് മറ്റൊന്നിലും.
ജസ്റ്റിസ് ജോയ്മാല്യാ ബാഗ്ചി: എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താലും അഴിമതിതടയൽ നിയമത്തിന്റെ 17-എ പ്രകാരമുള്ള മുൻകൂർ അനുമതിയും ആവശ്യമില്ലേ? എന്തായാലും ഡിവിഷൻ ബെഞ്ച് ഉത്തരവ് ഞങ്ങൾ റദ്ദാക്കാൻ പോവുകയാണ്. ഹൈക്കോടതിതന്നെ വീണ്ടും പരിശോധിക്കട്ടെ.
കെ.എം. ഷാജഹാനുവേണ്ടി അഡ്വ. കോശി ജോൺ: അത് വലിയ അനീതിയാകും...
ജസ്റ്റിസ് ബാഗ്ചി: അത് നിങ്ങളുടെ കണക്കിൽ.
കോശി ജോൺ: രണ്ടുതവണ നിവേദനം നൽകിയിട്ടും ഫലമുണ്ടാവാത്തതുകൊണ്ടാണ് ഹൈക്കോടതിയെ (ഷാജഹാൻ) സമീപിച്ചത്. ഇ.ഡി. റിപ്പോർട്ടിൽ എഫ്.ഐ.ആർ. വേണമെന്ന് വിജയ് മദൻലാൽ ചൗധരി കേസിൽ പറയുന്നുണ്ട്. അതുകൊണ്ടാണ് സിംഗിൾ ബെഞ്ചിനെ സമീപിച്ചത്.
ജസ്റ്റിസ് ബാഗ്ചി: നിയമപ്രകാരം ഏജൻസികൾ നടപടിയെടുക്കണമെന്നാണ് വിജയ് മദൻലാൽ ചൗധരി കേസ് വിധിയിൽ പറയുന്നത്. 'നിയമപ്രകാരം' എന്തെന്ന് ഏജൻസിക്ക് തീരുമാനിക്കാം.
വീണയ്ക്കും റിയാസിനുംവേണ്ടി മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരൻ: (സംസാരിക്കാൻ തുടങ്ങിയതും ജസ്റ്റിസ് ബാഗ്ചി തടയുന്നു)
ജസ്റ്റിസ് ബാഗ്ചി: കാറ്റ് നിങ്ങൾക്ക് എതിരാകുമ്പോൾ മിണ്ടിയാൽപ്പോരേ?
ഹരിഹരൻ: ശരി, ഞാനിപ്പോൾ മിണ്ടാതിരിക്കാം.
ഇ.ഡി.ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സൊഹേബ് ഹുസൈൻ: ഞാൻ വാദം പറയട്ടെ...
ജസ്റ്റിസ് ബാഗ്ചി: നിങ്ങളുടെ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു, അത് നിലനിൽക്കും. ഇനിയെന്താണ് വേണ്ടത്?
കോശി ജോൺ: ഹവാല ഇടപാടുമുണ്ട്...
ജസ്റ്റിസ് ബാഗ്ചി: ഏതെങ്കിലും എഫ്.ഐ.ആറിനോ അന്വേഷണത്തിനോ ഞങ്ങൾ എതിരല്ല. ഹവാല അന്വേഷിക്കാൻ ഇ.ഡി.ക്ക് എല്ലാ അധികാരവുമുണ്ട്. എസ്.ഐ.ടി. ഉണ്ടാക്കിയസ്ഥിതിക്ക് അതിന് കാത്തുനിൽക്കാതെ പെട്ടെന്ന് ഹൈക്കോടതിയെ സമീപിച്ചത് എന്തിനാണ്?
കോശി ജോൺ: എസ്.ഐ.ടി.യുണ്ടാക്കിയത് അറിഞ്ഞിരുന്നില്ല.
ജസ്റ്റിസ് മോഹന: കക്ഷികളെ കേൾക്കാതെ എന്തിനാണ് തിടുക്കം കാണിച്ചത്?
സൊഹേബ് ഹുസൈൻ: കൊഗ്നിസിബിൾ (ജാമ്യമില്ലാത്ത) കുറ്റമാണിത്.
ജസ്റ്റിസ് ബാഗ്ചി: അതിനോട് യോജിക്കുന്നു. എന്നാൽ, വിജയ് മദൻലാൽ വിധിപ്രകാരം അഴിമതിക്കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാൻ എങ്ങനെയാണ് ബാധ്യതവരുന്നത്? അഴിമതി തടയൽ നിയമപ്രകാരം കേസ് നിലനിൽക്കുമോയെന്ന് നോക്കണം. പ്രതികളെ കേൾക്കാതെ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യണമെന്ന് ഉത്തരവിടാമെന്ന വാദം അംഗീകരിക്കാനാവുന്നില്ല. സർക്കാർ സ്വന്തംനിലയ്ക്ക് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തതല്ലല്ലോ, ഭരണഘടനാ കോടതിയുടെ നിർദേശപ്രകാരമല്ലേ? പൊതുസേവകർക്കെതിരായ അഴിമതിക്കേസ് അന്വേഷണത്തിന് മേലധികാരികളുടെ റിപ്പോർട്ട് വേണമെന്നാണ് ബി.എൻ.എസ്.എസ്. 175 (നാല്) വകുപ്പിൽ പറയുന്നത്. പഴയ ക്രിമിനൽ നടപടിച്ചട്ടത്തിൽ ഇതത്ര നിർബന്ധമായിരുന്നില്ല.
സംസ്ഥാനസർക്കാരിനുവേണ്ടി സീനിയർ സ്റ്റാൻഡിങ് കോൺസെൽ രമേഷ് ബാബു: അന്വേഷണം തുടരാൻ അനുവദിക്കണം.
ജസ്റ്റിസ് ബാഗ്ചി: ഇപ്പോൾ നിങ്ങൾക്ക് അന്വേഷണത്തിന് തിടുക്കമായോ? നിങ്ങളുടെ കക്ഷിയെ (സർക്കാരിനെ) നാണംകെടുത്തരുത്. വിഷയം കോടതിക്കുമുന്നിലേക്ക് കൊണ്ടുവന്നത് ഇയാളാണ് (ഷാജഹാൻ). അല്ലാത്തപക്ഷം എസ്.ഐ.ടി.യുമായി നിങ്ങൾ സന്തോഷത്തോടെ മുന്നോട്ടുപോകുമായിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ എന്തുകൊണ്ടാണ് അപ്പീൽ പോകാത്തത്? സർക്കാർ ഈ രീതിയിൽ പോകുന്നതിനെ ഞങ്ങൾ ശരിവെക്കുന്നില്ല.
Content Highlights: Supreme Court questioned the Kerala government and ED over the CMRL-Exalogic case petitions., Court asked why the state government did not file an appeal against the single bench order., The bench noted that the High Court should re-examine the matter after hearing all parties involved.