CJP പ്രതിഷേധത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ച കേസ്: സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ

#ന്യൂസ് ഡെസ്‌ക്
സിജെപി നടത്തിയ പ്രതിഷേധത്തിൽനിന്ന്, ഇൻസെെറ്റിൽ സ്വതന്ത്ര ഭരദ്വാജ് | Photo: PTI, സിജെപി എക്സിൽ പങ്കുവെച്ച വീഡിയോയിൽനിന്ന്
സിജെപി നടത്തിയ പ്രതിഷേധത്തിൽനിന്ന്, ഇൻസെെറ്റിൽ സ്വതന്ത്ര ഭരദ്വാജ് | Photo: PTI, സിജെപി എക്സിൽ പങ്കുവെച്ച വീഡിയോയിൽനിന്ന്

ലഖ്‌നൗ: സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ച സംഭവത്തിൽ പ്രതി സ്വതന്ത്ര ഭരദ്വജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വതന്ത്രയെ പിടികൂടാനായി പോലീസ് സംഘംതിരിഞ്ഞ് നടത്തിയ തിരച്ചിലിൽ ധമ്ര ഗ്രാമത്തിന് സമീപത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തത്. താൻ ഹിന്ദുത്വ ഇൻഫ്‌ളൂവൻസർ ആണെന്നാണ് സ്വതന്ത്ര അവകാശപ്പെടുന്നത്.

സിജെപിയുടെ ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത നിഷു ആസാദ് എന്ന പെൺകുട്ടിയുടെ അച്ഛൻ സന്ദീപിനെ താൻ ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന സ്വതന്ത്രയുടെ പോഡ്കാസ്റ്റ് പുറത്തെത്തിയിരുന്നു.

പിന്നാലെ വധശ്രമം, എസ്‌സി-എസ്ടി നിയമം തുടങ്ങിയവ ചുമത്തി സ്വതന്ത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമായി ഇന്ന് (വെള്ളിയാഴ്ച) സിജെപി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. അക്രമിയെ ഇന്നോ 72 മണിക്കൂറിനകമോ പിടികൂടുമെന്ന് ഡൽഹി പോലീസ് ഉറപ്പ് നൽകിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം പിൻവലിച്ചത്.

വിവാദമായ പോഡ്കാസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സ്വതന്ത്ര നിലപാടിൽനിന്ന് പിന്നാക്കം പോയിരുന്നു. സ്വയംരക്ഷയ്ക്കു വേണ്ടിയായിരുന്നു തന്റെ നടപടി എന്നായിരുന്നു ഇയാൾ പറഞ്ഞത്.

Content Highlights: Police arrested Swatantra Bharadwaj in Bulandshahr, Uttar Pradesh, for allegedly attacking the father of a minor Dalit girl who participated in a CJP protest