2014-ലെ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ സിഐഎയ്ക്കും മൊസാദിനും പങ്ക്- ആരോപണവുമായി മുന്‍ എംപി

ന്യൂഡല്‍ഹി: 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്തപരാജയത്തിലേക്ക് കൂപ്പുകുത്തിയതില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനും പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കുമാര്‍ കേത്കര്‍. കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭരണഘടനാദിന ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാ മുന്‍ എംപികൂടിയായ അദ്ദേഹം.
2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 145 സീറ്റുകള്‍ നേടി. അഞ്ചുകൊല്ലം കഴിഞ്ഞുനടന്ന പൊതുതിരഞ്ഞെടുപ്പില്‍ 206 സീറ്റുകള്‍ നേടി. ആ രീതി തുടര്‍ന്നുപോയിരുന്നെങ്കില്‍ 2014-ല്‍ കോണ്‍ഗ്രസിന് 250 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരാമായിരുന്നു. എന്നാല്‍, 2014-ല്‍ പാര്‍ട്ടിക്ക് കിട്ടിയ സീറ്റുകള്‍ 44-ആയി ചുരുങ്ങി, കേത്കര്‍ പറഞ്ഞു.
2014-ലെ തിരഞ്ഞെടുപ്പിന് മുന്‍പേ ഒരു 'കളി' ആരംഭിച്ചെന്നും കോണ്‍ഗ്രസിന്റെ സീറ്റ് 2009-ലെ നിലയില്‍നിന്ന് കൂടില്ലെന്ന് ഉറപ്പാക്കാന്‍ ചില സംഘടനകള്‍ തീരുമാനിച്ചുവെന്നും കേത്കര്‍ പറഞ്ഞു. ഒരു സ്ഥിരതയുള്ള കോണ്‍ഗ്രസ് സര്‍ക്കാരോ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യമോ അധികാരത്തില്‍ മടങ്ങിയെത്തുന്നപക്ഷം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കണക്കാക്കി, ഇന്ത്യയിലെ സംഭവവികാസങ്ങളെ സ്വാധീനിക്കാന്‍ സിഐഎയും മൊസാദും തീരുമാനിച്ചതായും അദ്ദേഹം ആരോപിച്ചു.
ഈ ഏജന്‍സികള്‍ വിവിധ സംസ്ഥാനങ്ങളെക്കുറിച്ചും മണ്ഡലങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ സമാഹരിച്ചെന്നും ന്യൂഡല്‍ഹിയില്‍ ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ നിലവില്‍ വരണമെന്ന് താല്‍പര്യപ്പെട്ടെങ്കിലും അത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതായിരിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും കേത്കര്‍ പറഞ്ഞു.
സ്ഥിരതയുള്ള കോണ്‍ഗ്രസ് സര്‍ക്കാരോ അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരോ വീണ്ടും അധികാരത്തിലെത്തിയാല്‍, ഇന്ത്യയില്‍ ഇടപെടല്‍ നടത്താനും അവരുടെ നയങ്ങള്‍ നടപ്പാക്കാനും അവര്‍ക്ക് സാധിക്കില്ലായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: cia and mossad plotted congress defeat in 2014 alleges congress former mp