ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ചൈനീസ് ചാരൻ? അതിർത്തി ദൃശ്യങ്ങൾ പകർത്തി; അനധികൃതമായി കടന്ന 49-കാരൻ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ എസ്.എസ്.ബി. പട്രോളിങ് നടത്തുന്നു | File Photo: ANI
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ എസ്.എസ്.ബി. പട്രോളിങ് നടത്തുന്നു | File Photo: ANI

ബഹ്റൈച്ച്: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് അതിർത്തി പ്രദേശത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ചൈനീസ് പൗരനെ സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി.) അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ റുപൈഡിഹ ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് 49 കാരനെ എസ്.എസ്.ബി. പിടികൂടിയത്. ഇയാൾ പാകിസ്താനിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നും ഇയാളിൽ നിന്ന് പാകിസ്താന്‍, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുടെ കറൻസികൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചൈനയിലെ ഹുനാൻ പ്രവിശ്യാ സ്വദേശിയായ ലിയു ക്വുൻജിങാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ആവശ്യമായ രേഖകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇയാളിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. അവയിലൊന്നിൽ ഇന്ത്യയിലെ തന്ത്രപ്രധാനമായ നിരവധി സ്ഥലങ്ങളുടെ വീഡിയോകൾ അടങ്ങിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാളിൽ നിന്ന് നേപ്പാളിന്റെ ഒരു ഭൂപടം കണ്ടെത്തി. ഭൂപടത്തിലെല്ലാം ഇംഗ്ലീഷിലായിരുന്നു എഴുതിയിരുന്നത്, എന്നാൽ തനിക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലെന്ന് ആംഗ്യഭാഷയിൽ ഇയാൾ അധികൃതരെ അറിയിച്ചു. എസ്എസ്ബിയും പോലീസും മറ്റ് സുരക്ഷാ ഏജൻസികളും ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് ക്വുൻജിങുമായി സംസാരിച്ചത്. പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിന് ഇയാൾക്ക് വിസയുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ മനസ്സിലായി.

ഇയാളെ പോലീസിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. നവംബർ 15-ന് ചൈനയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ നേപ്പാളിലേക്ക് പ്രവേശിച്ച ഇയാൾ നവംബർ 22-ന് നേപ്പാളിലെ നേപ്പാൾഗഞ്ചിൽ എത്തിയ ശേഷം, നവംബർ 24-ന് റുപൈഡിഹ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. പാക് യാത്ര, അനധികൃതമായി രേഖകളില്ലാതെ ഇന്ത്യയിലെത്തിയത്, തന്ത്രപ്രധാനമായ സ്ഥലങ്ങൾ വീഡിയോയിൽ പകർത്തിയത്, കണ്ടെടുത്ത ഭൂപടം ഇംഗ്ലീഷിലായിരുന്നിട്ടും ചോദ്യം ചെയ്യലിൽ ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞത് തുടങ്ങിയവയെല്ലാം സംശയത്തോടെയാണ് ഉദ്യോഗസ്ഥർ നോക്കികാണുന്നത്.

Content Highlights: Chinese citizen arrested by SSB for illegal entry and videographing sensitive Indian border areas near Nepal. Possessed foreign currency & mobile with sensitive videos.