ഗ്രാമങ്ങളും കൃഷിഭൂമിയും അപ്രത്യക്ഷം; ചൈനയുടെ വമ്പൻ അണക്കെട്ട് നിർമാണം ദ്രുതഗതിയിൽ; ഉപഗ്രഹചിത്രങ്ങൾ പുറത്ത്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | PHOTO: CANVA
പ്രതീകാത്മക ചിത്രം | PHOTO: CANVA

ബെയ്ജിങ്: അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിക്കടുത്ത് ബ്രഹ്മപുത്ര നദിയിൽ ചൈന നിർമിക്കുന്ന വമ്പൻ അണക്കെട്ടിന്റെ നിർമാണ പുരോഗതി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കൃഷിയിടങ്ങൾ നീക്കം ചെയ്യുകയും നദിക്കരയിലെ ഗ്രാമങ്ങൾ ഒഴിപ്പിക്കുകയും ചെയ്തതായാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന.

രണ്ടുവർഷമായി ഉപഗ്രഹനിരീക്ഷണത്തിലൂടെ ഡാം നിർമാണം നിരീക്ഷിച്ചുവരികയാണെന്ന് റിപ്പോർട്ട് പുറത്തുവിട്ട അർത്ത്സെൻസ് ലാബ്‌സ് സിഇഒ നിർദ്ദേശ് ശർമ പറഞ്ഞു. ഡാമിന് മുകളിലായി നദിയുടെ തെക്കേ കരയിലുണ്ടായിരുന്ന ഗ്രാമങ്ങളും കൃഷിഭൂമികളും നീക്കം ചെയ്യുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നദിയുടെ വടക്കേ കരയിലൂടെയുള്ള പുതിയ പ്രവേശന റോഡും സാധാരണയായി പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടത്തുന്ന നദി തിരിച്ചുവിടൽ ജോലികളും നിർമ്മാണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂലൈ 25-ന് നടന്ന തറക്കല്ലിടൽ ചടങ്ങിന് മുന്നോടിയായി ജൂലൈ 11-ന് മൈൻലിംഗ് ഡാം സൈറ്റിൽനിന്ന് എടുത്ത ചിത്രങ്ങളിൽ നദിയുടെ തെക്കേക്കരയിൽ ഗ്രാമങ്ങളും കൃഷിഭൂമികളും ഉണ്ടായിരുന്നു. ഡിസംബറോടെ ഈ ഗ്രാമങ്ങളും വയലുകളും അപ്രത്യക്ഷമായി. ഇവിടെ മണ്ണുമാറ്റൽ ജോലികൾ ആരംഭിച്ചു. ഈ വർഷം ഓഗസ്റ്റിൽ എടുത്ത ചിത്രങ്ങളിൽ റോഡ് നിർമ്മാണം, ഓഫീസുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവയും കാണാം.

തുരങ്ക നിർമ്മാണ മേഖലയിലും വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ പാലങ്ങൾ, റോഡുകൾ, യന്ത്രങ്ങൾ, കോൺക്രീറ്റ് ബാച്ചിങ് പ്ലാന്റ്, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവ ചിത്രങ്ങളിൽ കാണാം. 2019-ൽ വനമേഖലയായിരുന്ന സ്ഥലത്ത് 2023-24 ഓടെ 30-35 റസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ കെട്ടിടങ്ങളും റോഡ് ശൃംഖലകളും ഉയർന്നുവന്നിട്ടുണ്ട്.

അരുണാചൽ പ്രദേശിന് സമീപം യാർലങ് സാങ്പോ നദിയിലാണ് ചൈനയുടെ ജലവൈദ്യുത പദ്ധതി. 168 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ മൾട്ടി-സ്ട്രക്ചർ ഡാം സംവിധാനവും ഗ്രേറ്റ് യു-ബെൻഡിന് കുറുകെയുള്ള തുരങ്കവും ഉൾപ്പെടുന്നു. നിരവധി പവർ സ്റ്റേഷനുകളും വാട്ടർ ഔട്ട്‌ലെറ്റുകളും ഉൾപ്പെടുന്ന ഈ പദ്ധതിയുടെ ആകെ ഉൽപ്പാദന ശേഷി 60 ജിഗാവാട്ട് ആണെന്നാണ് റിപ്പോർട്ട്. ഇത് നിലവിലെ ലോകത്തിലെ ഏറ്റവും വലിയ ഡാമായ ചൈനയിലെ ത്രീ ഗോർജസ് ഡാമിന്റെ ശേഷിയുടെ മൂന്നിരട്ടിയാണ് പുതിയ ഡാമിന്റെ ശേഷി.

അരുണാചൽ പ്രദേശിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള ബ്രഹ്മപുത്രാ നദിയുടെ ഒഴുക്കിനെ ഈ പദ്ധതി ബാധിക്കാനിടയുണ്ടെന്ന് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. വെള്ളപ്പൊക്കവും ജലക്ഷാമവും ഒരുപോലെ രൂക്ഷമാകാൻ മെദോഗ് കാരണമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

ചൈനയുടെ അണക്കെട്ട് നദിയിലെ ജലത്തിന്റെ ഒഴുക്കിൽ വരുത്തിയേക്കാവുന്ന മാറ്റങ്ങൾ മുൻനിർത്തി അരുണാചൽ പ്രദേശിൽ 11,200 മെഗാവാട്ട് ശേഷിയുള്ള സിയാങ് അപ്പർ മൾട്ടിപർപ്പസ് പദ്ധതിക്ക് ഇന്ത്യയും പദ്ധതിയിടുന്നുണ്ട്. എന്നാൽ, പദ്ധതി നടപ്പാക്കുന്നത് ജീവിതത്തിനും ഉപജീവനത്തിനും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ഒരു വിഭാഗം ജനങ്ങൾ എതിർപ്പ് ഉന്നയിച്ചിരുന്നു. അരുണാചൽ പ്രദേശ് സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകൾക്കും പരിഹാരം കാണുമെന്ന് ഉറപ്പുനൽകിയിരുന്നു.

മെദോഗ്അണക്കെട്ട് വരുന്നതോടെ എക്കൽ വിതരണത്തിൽ അസന്തുലിതാവസ്ഥ രൂപപ്പെടുകയും നദിയുടെ ഫലഭൂയിഷ്ടമായ ഡെൽറ്റാ പ്രദേശങ്ങൾ ഇല്ലാതാകുകയും ചെയ്തേക്കാം. ജലപ്രവാഹത്തിലെ കുറവും എക്കൽ നിക്ഷേപത്തിലെ വ്യതിയാനങ്ങളും കൃഷി, മത്സ്യബന്ധനം എന്നിവയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് തദ്ദേശവാസികൾ.

Content Highlights: China is constructing the world's largest hydropower project, the Medog Dam, on the Yarlung Tsangpo river near Arunachal Pradesh., The project threatens India with severe risks of sudden floods and acute water scarcity in the Brahmaputra river basin., Satellite imagery from July 2025 reveals extensive land clearing and village relocations for the dam construction., India is planning the 11,200 MW Siang Upper Multipurpose Project in response, though it faces local resistance.