അരുണാചലില്‍ വീണ്ടും പ്രകോപനം; പതിനേഴുകാരനായ ഇന്ത്യക്കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വീണ്ടും ചൈനീസ് പ്രകോപനം. 17 വയസുകാരനായ ഇന്ത്യക്കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി. ഇരുരാജ്യങ്ങളും തമ്മില്‍ സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്.
ഇന്ത്യക്കാരായ രണ്ടു പൗരന്‍മാരേയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്നുള്ള മിറാം തരോണ്‍, ജോണി യായല്‍ എന്നിവരെയാണ് ചൈനീസ് സൈനികര്‍ പിടിച്ചൂകൊണ്ടുപോയത്. ഇരുവരും പ്രദേശത്ത് നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം
ഇതില്‍ ജോണി യായല്‍ ചൈനീസ് സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരവും മിറാം തരോണ്‍ ചൈനീസ് സൈനികരുടെ തടവിലാണെന്നും പുറംലോകം അറിഞ്ഞത്.
മിറാം തരോണിനെ തിരികെയെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ലോക്സഭാഗം താപിര്‍ ഗാവോ ആവശ്യപ്പെട്ടു. യുവാവിനെ തിരികെയെത്തിക്കാനുള്ള നടപടികളും സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചതായാണ് വിവരം. പോലീസ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു.
2018ല്‍ ഈ പ്രദേശത്ത് ചൈന അനധികൃതമായി റോഡ് നിര്‍മിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യന്‍ സൈന്യം വീക്ഷിക്കുന്നത്.
content highlights: china's PLA abducts 17-yr-old boy from Indian territory in Arunachal Pradesh
Content Highlights: